പഠിക്കാം നമുക്ക് ബാഫഖി തങ്ങളെ
കുടുംബവും കുട്ടിക്കാലവും......
കേരള രാഷ്ട്രീയത്തിലെ സൂര്യ തേജസ്സും, മുസ്ലിം കൈരളിയുടെ അഭിമാനവും, മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻറെ അമരക്കാരനുമായിരുന്ന മഹാനായ ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ സ്മരണ പുതുക്കുന്ന മറ്റൊരു ജനുവരി 19 കൂടി കടന്നു വരികയാണ്. ബാഫഖി തങ്ങൾ എണ്ണപ്പെട്ട മത പണ്ഡിതനായിരുന്നില്ല. എന്നാൽ പാണ്ഡിത്യത്തിൻറെ 'ബഹറാ'യിരുന്ന വലിയ ആലിമീങ്ങൾ പോലും ഏറെ ബഹുമാനത്തോടെ മത വിഷയങ്ങൾ തങ്ങളുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. ഭൗതിക വിദ്യാഭ്യാസവും തങ്ങൾക്ക് നന്നേ കുറവായിരുന്നു. എന്നിട്ടും കാലിക്കറ്റ് യൂണിവേർസിറ്റി അടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവിർഭാവത്തിന് നേതൃത്വം നൽകാൻ രംഗത്തുണ്ടായി എന്നത് ബാഫഖി തങ്ങളുടെ മഹത്വമാണ് വെളിവാക്കുന്നത്.
ഹസ്രത്ത് അലി (റ) ൻറെ സന്താന പരമ്പരയിൽപ്പെട്ട ബാഫഖി കുടുംബത്തിലെ സയ്യിദ് അഹമ്മദ് ബാഫഖി എന്നവർ ഏതാണ്ട് ഇരുന്നൂറ് കൊല്ലം മുമ്പാണ് കേരളത്തിലെത്തുന്നത്. അദ്ദേഹത്തിൻറെ പുത്രൻ സയ്യിദ് അബ്ദുല്ല ബാഫഖി കൊയിലാണ്ടിയിൽ വിവാഹം കഴിച്ചു, അവരുടെ പുത്രൻ മുഹമ്മദ് ബാഫഖിയുടെ മകൻ സയ്യിദ് അബ്ദുൽ ഖാദർ ബാഫഖിയാണ് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പിതാവ്. മത ചിട്ടക്കും, മാനവ സ്നേഹത്തിനും മുഖ്യ സ്ഥാനം നൽകിയ ബാഫഖിമാരുടെ പ്രധാന തൊഴിൽ കച്ചവടം തന്നെയായിരുന്നു. 1906 ഫെബ്രുവരി 21 നാണ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ ജനനം. പന്ത്രണ്ട് വയസ്സിനിടയിൽ ലഭിക്കാവുന്ന വിദ്യാഭ്യാസം മാത്രമാണ് തങ്ങൾക്കുണ്ടായിരുന്നത്. മൂന്ന് കൊല്ലം വെളിയംകോട് ദർസ്സിൽ മത പഠനം നടത്തി. കുറച്ചു കാലം അറബിയിലും ഉർദുവിലും വീട്ടിൽ ട്യൂഷൻ വെച്ചു പഠിച്ചു.
12 വയസ്സായപ്പോൾ കൊയിലാണ്ടിയിൽ പിതാവിൻറെ ജ്യേഷ്ഠൻറെ കടയിൽ ജോലിക്ക് നിന്നു. ഒരു രൂപയായിരുന്നു മാസ ശമ്പളമായി ലഭിച്ചിരുന്നത്. ഏതാണ്ട് പതിനാല് വർഷത്തോളം ആ കടയിലെ ജോലിക്കാരനായ ബാഫഖി തങ്ങൾ, ഇരുപത്താറാം വയസ്സിലാണ് സ്വന്തമായി കച്ചവടം തുടങ്ങിയത്. കൊപ്ര ബസാറിലായിരുന്നു ആദ്യ കച്ചവടം. പിന്നീട് വലിയങ്ങാടിയിലേക്ക് വിപുലീകരിച്ച തങ്ങളുടെ കച്ചവടം, താമസിയാതെ തന്നെ ബർമ്മയുടെ തലസ്ഥാനമായ റംഗൂണിലേക്കും വ്യാപിപ്പിച്ചു. ബാഫഖി & കമ്പനി എന്ന പേരിലായിരുന്നു റംഗൂണിലെ സ്ഥാപനം.
കച്ചവടാവശ്യത്തിനായി ജറുസലേം, ഇറാഖിലെ ബാഗ്ദാദ്, കൂഫ, ബസ്വറ, ഹിജാസ്, ഈജിപ്ത്, ഇന്ത്യോനേഷ്യ, മലേഷ്യ, ബർമ്മ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനായത് ബാഫഖി തങ്ങളുടെ ലോക പരിചയത്തിനും അതു വഴി, പൊതു രംഗത്തേക്കുള്ള വരവിനും വഴി വെച്ചു എന്നു തന്നെ പറയാം. കച്ചവടവും പൊതു രംഗത്തേക്കുള്ള വരവും.....
കച്ചവടത്തിലെ സത്യസന്ധത ബാഫഖി തങ്ങളുടെ പിതാവ് സയ്യിദ് അബ്ദുൽ ഖാദർ ബാഫഖി തങ്ങളെയും ആളുകൾക്കിടയിൽ സ്വീകാര്യനാക്കിയിരുന്നു. വലിയ കച്ചവടക്കാരനായിരുന്ന അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം മാല ദ്വീപിലെ രാജാവ് അദ്ദേഹത്തിൻറെ കച്ചവടത്തിലെ നികുതി വേണ്ടെന്ന് വെച്ചിരുന്നു.
ഇന്ന് നടക്കുന്ന ഓഹരി പിരിച്ചെടുത്ത് കച്ചവടം നടത്തുന്നതിന് സമാനമായ സമ്പ്രദായം അക്കാലത്തും കച്ചവടത്തിൽ ഉണ്ടായിരുന്നു. അങ്ങിനെയൊരു കൂട്ടു കച്ചവടവും അബ്ദുൽ ഖാദർ ബാഫഖി തങ്ങൾ കോഴിക്കോട് നടത്തിയിരുന്നു. എന്നാൽ താമസിയാതെ കച്ചവടം പൊളിഞ്ഞു. അക്കാലത്തെ കൂട്ടു കച്ചവട രീതി അനുസരിച്ച്, ഒരു കച്ചവടം പൊളിഞ്ഞാൽ ഓഹരിയുടമകൾക്ക് അവരുടെ വിഹിതത്തിൻറെ പത്ത് ശതമാനം മുഖ്യ പാർട്ട്ണർ നൽകുന്ന പതിവുണ്ടായിരുന്നു. എങ്കിലും തങ്ങളോട് നമ്മുടെ പ്രയാസം പറഞ്ഞ് നാൽപ്പത് ശതമാനമെങ്കിലും ചോദിക്കാം എന്ന് പറഞ്ഞ് എല്ലാവരും തങ്ങളുടെ വീട്ടിലേക്ക് പോയി. തങ്ങളെ കണ്ട് സങ്കടമുണർത്തിയ ഓഹരിയുടമകളോട് നാൽപ്പത് ദിവസത്തെ സാവകാശം തങ്ങൾ ചോദിച്ചു. അതിന് ശേഷം മുഴുവൻ തുകയും തരാമെന്നും പറഞ്ഞു. അവിശ്വസനീയമായ ആ പ്രഖ്യാപനം അബ്ദുൽ ഖാദർ ബാഫഖി തങ്ങളെ നാട്ടുകാർക്കെന്ന പോലെ മറുനാട്ടുകാർക്കിടയിലും ഏറെ പ്രശസ്തനാക്കി.
സ്വന്തമായ അരി വ്യാപാരം തുടങ്ങിയ അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അരിക്കച്ചവടം നടത്തുന്ന കാലത്താണ് വലിയ തോതിലുള്ള അരിക്ഷാമം അനുഭവപ്പെട്ടത്. പല പ്രമാണിമാരും അരി പൂഴ്ത്തി വെച്ചു കൊണ്ട് സമ്പാദ്യം വർദ്ധിപ്പിച്ചപ്പോൾ, ബാഫഖി തങ്ങൾ തനിക്ക് വരുന്ന അരി മുഴുവനും ആളുകൾക്ക് മിതമായ നിരക്കിൽ നൽകി മാതൃക കാട്ടുകയായിരുന്നു. മാത്രമല്ല സ്വന്തമായി ന്യായ വില ഷോപ്പുകളും തുടങ്ങി. ആശ്വാസകരമായ ഈ പ്രവൃത്തി പൊതു ജനങ്ങളിൽ ബാഫഖി തങ്ങളോടുള്ള അടുപ്പവും ബഹുമാനവും വർദ്ധിപ്പിച്ചു. ഇതിനു പ്രത്യുപകാരമായി ബ്രിട്ടീഷ് സർക്കാർ മലബാറിൽ റേഷൻ വിതരണത്തിനുള്ള അധികാരം തങ്ങൾക്ക് നൽകി. ഇതായിരിക്കും ബാഫഖി തങ്ങൾക്ക് ലഭിച്ച ആദ്യ പൊതു ബഹുമതി.
ബാഫഖി തങ്ങളുടെ സഹോദരീ ഭർത്താവും വിദ്യാ സമ്പന്നനുമായിരുന്ന സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ, സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി നടന്ന നിസ്സഹകരണ പ്രസ്ഥാനത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്തിരുന്നു. വിദ്യാലയം ബഹിഷ്കരിച്ച് ഖിലാഫത്ത് വളണ്ടിയറാവാൻ പുറപ്പെട്ട ഹാഷിം ബാഫഖിയോടൊപ്പം സജീവമായി രാഷ്ട്രീയത്തിലിറങ്ങാൻ അബ്ദുറഹിമാൻ ബാഫഖി തങ്ങൾ തയ്യാറായില്ലെങ്കിലും ഒരു ഖിലാഫത്ത് അനുഭാവിയായിരുന്നുവെന്ന് സന്തത സഹചാരികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഷിം ബാഫഖിയുടെ അകാല വേർപാടിന് ശേഷം സഹോദരിയെ വിവാഹം ചെയ്ത ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങൾ,
1936 ൽ നടന്ന ജില്ലാ കൗൻസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ച വേളയിൽ അദ്ദേഹത്തിൻറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചു കൊണ്ടാണ് ബാഫഖി തങ്ങൾ സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. പ്രസ്തുത തെരഞ്ഞെടുപ്പിൽ, മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ ബി. പോക്കർ സാഹിബിനെതിരെയായിരുന്നു ആറ്റക്കോയ തങ്ങൾ മത്സരിച്ചത്. ഈ തെരഞ്ഞെടുപ്പിൽ ആറ്റക്കോയ തങ്ങൾ ജയിക്കുകയുണ്ടായി. പ്രഗൽഭനായ പോക്കർ സാഹിബിൻറെ പരാജയം എല്ലാവരെയും ദു:ഖത്തിലാഴ്ത്തിയ സംഭവമായിരുന്നു. ഇതിൻറെ പ്രായശ്ചിത്തമായാണ് ഒരു വർഷത്തിന് ശേഷം ബാഫഖി തങ്ങൾ മുസ്ലിം ലീഗിലേക്ക് കടന്നു വന്നത് എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്....
മുസ്ലിം ലീഗിനെ ജനകീയനാക്കിയ നേതാവ്.....
1906 ൽ രൂപീകൃതമായ മുസ്ലിം ലീഗ് പ്രസ്ഥാനം ആദ്യ കാലത്ത് ഉത്തരേന്ത്യയിൽ മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. 1930 കളുടെ പകുതിയോടെയാണ് മലബാറിലേക്ക് മുസ്ലിം ലീഗിൻറെ സന്ദേശമെത്തിയത്. തലശേരിയിലെ ഏതാനും പൗര പ്രമുഖന്മാർ കോൺഗ്രസ്സിൻറെ ചില സമീപനങ്ങളോടുള്ള എതിർപ്പിനെ തുടർന്നാണ് മുസ്ലിം ലീഗുമായി ബന്ധപ്പെടാൻ തുടങ്ങിയത്. 1936 ലെ ഡിസ്ട്രിക്റ്റ് കൗൻസിലിലേക്ക് പോക്കർ സാഹിബ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ മുസ്ലിം ലീഗിന് മലബാറിൽ കമ്മിറ്റി നിലവിലുണ്ടായിരുന്നില്ല.
1937 ഒക്ടോബർ 3 ന് ലക്നോവിൽ ചേർന്ന സർവേന്ത്യാ മുസ്ലിം ലീഗിൻറെ വാർഷിക യോഗത്തിൽ വെച്ച് ദക്ഷിണേന്ത്യയിൽ മുസ്ലിം ലീഗിൻറെ പ്രചരണ ദൗത്യം ഏറ്റെടുത്ത സത്താർ സേട്ട് സാഹിബും സീതി സാഹിബ്, പോക്കർ സാഹിബ്, ഉപ്പി സാഹിബ്, സി.പി. മമ്മുക്കേയി തുടങ്ങിയ പ്രമുഖരെല്ലാം ചേർന്ന് 1937 ലാണ് മലബാറിലെ മുസ്ലിം ലീഗിൻറെ ആദ്യ ശാഖ തലശ്ശേരിയിൽ പ്രവർത്തനം തുടങ്ങിയത്. 1938 ലാണ് ബാഫഖി തങ്ങൾ മുസ്ലിം ലീഗിൽ അംഗമായത്. നേരത്തെ പോക്കർ സാഹിബിനെ പരാജയപ്പെടുത്തിയ ആറ്റക്കോയ തങ്ങളെയും ബാഫഖി തങ്ങൾ മുസ്ലിം ലീഗിൽ എത്തിച്ചു. പിന്നീടങ്ങോട്ട് ബാഫഖി തങ്ങൾ മുസ്ലിം ലീഗിൻറെ അമരത്ത് നിന്ന് മരണം വരെ പാർട്ടിയെ നയിക്കുകയായിരുന്നു.
കോഴിക്കോട് ടൗൺ ലീഗ് പ്രസിഡണ്ട്, മലബാർ ജില്ലാ പ്രസിഡണ്ട്, കേരള സംസ്ഥാന പ്രസിഡണ്ട്, അഖിലേന്ത്യാ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം, ഐക്യ ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തിലും മുഖ്യ പങ്ക് വഹിച്ച ധിഷണാ ശാലിയായ രാഷ്ട്രീയക്കാരനായിരുന്നു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരണത്തിന് ശേഷം, കേരള രാഷ്ട്രീയത്തിൽ നിർണ്ണായകവും സങ്കീർണ്ണവുമായ സന്ദർഭങ്ങളിലെല്ലാം പാർട്ടിയെ ആർക്കും അവഗണിക്കാൻ പറ്റാത്ത ശക്തിയാക്കിയത് ബാഫഖി തങ്ങളുടെ തന്ത്രപരമായ ഇടപെടലുകളായിരുന്നു. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം 1956 നവമ്പർ 18 ന് എറണാകുളത്ത് ചേർന്ന മുസ്ലിം ലീഗ് സമ്മേളനത്തിൽ വെച്ച് ഖായിദെ മില്ലത്ത് പ്രഖ്യാപിച്ച പ്രഥമ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത ബാഫഖി തങ്ങളുടെ നേതൃത്വമാണ് പാർട്ടിയുടെ ഇന്ന് കാണുന്ന വളർച്ചക്ക് നിദാനമായത് എന്ന് പറയാം.
1957 ലെ ആദ്യ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിലെത്താതിരിക്കാൻ മുസ്ലിം ലീഗ് ആത്മാർത്ഥമായി ആഗ്രഹിച്ചുവെങ്കിലും, അതിനെ പിന്തുണക്കാൻ കോൺഗ്രസ്സ് തയ്യാറാവാത്തതാണ് ഇ.എം.എസ്. മുഖ്യമന്ത്രിയാവുന്നതിൽ കലാശിച്ചത്. എന്നാൽ 1959 ജൂൺ 12 ന് പ്രഖ്യാപിച്ച വിമോചന സമരത്തിൽ പങ്കെടുക്കാൻ ജൂൺ 22 ന് ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് കൂടി പങ്കെടുത്തതോടെയാണ് സമരം വിജയം കണ്ടത്. ഇത് ബാഫഖി തങ്ങളുടെ രാഷ്ട്രീയ തന്ത്രത്തിൻറെ കൂടി വിജയമായിരുന്നു.
1960 ഫെബ്രുവരി 1 ന് നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ്, കോൺഗ്രസ്സ്, പി.എസ്.പി. എന്നിവരുമായി സഖ്യമായി മത്സരിച്ച് 12 ൽ 11 സീറ്റ് നേടി ഉജ്ജ്വല വിജയം നേടിയെങ്കിലും, ലീഗിനെ മന്ത്രിസഭയിലെടുക്കാൻ കോൺഗ്രസ്സിൻറെ ധാർഷ്ട്യം അനുവദിക്കാതിരുന്നപ്പോൾ ബാഫഖി തങ്ങളുടെ നയ തന്ത്രജ്ഞത വീണ്ടും കേരളമറിഞ്ഞു. ഒടുവിൽ പി.എസ്.പി.യുടെ പട്ടം താണുപ്പിള്ള മുഖ്യമന്ത്രിയും മുസ്ലിം ലീഗിലെ പ്രഗൽഭനായ സീതി സാഹിബ് സ്പീക്കരുമായി. ലീഗ് ചരിത്രത്തിൽ ഭരണ നേതൃത്വത്തിലെ ആദ്യ അംഗീകാരം.
സീതി സാഹിബിൻറെ മരണ ശേഷം സി.എച്ചിൻറെ സ്പീക്കർ പദവിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും, 1967 ലെ സപ്തകക്ഷി രൂപീകരണത്തിലും തുടർന്ന് മാർച്ച് 6 ന് ചരിത്രത്തിലാദ്യമായി മുസ്ലിം ലീഗ് പ്രതിനിധികൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നതിലും ബാഫഖി തങ്ങൾ കാണിച്ച അസാമാന്യ നേതൃ പാടവം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഈ മന്ത്രിസഭ 1969 ഒക്ടോബർ 24 ന് രാജി വെച്ചപ്പോഴാണ് ബാഫഖി തങ്ങൾ എന്ന രാഷ്ട്രീയ ഭീഷ്മാചാര്യനെ കേരള രാഷ്ട്രീയം ഒരിക്കൽ കൂടി കാണുന്നത്. നിയമസഭാംഗമല്ലാത്ത സി. അച്യുത മേനോൻ, 1969 നവമ്പർ ഒന്നിന് കേരളത്തിൻറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, മുഖ്യമന്ത്രിയോടൊപ്പം ബാഫഖി തങ്ങൾ തന്നെയായിരുന്നു ഏവരുടെയും ശ്രദ്ധാ കേന്ദ്രം. ജീവിതത്തിലൊരിക്കൽപ്പോലും നിയമസഭയിലോ പാർലമെൻറിലോ അംഗമായിട്ടില്ലെങ്കിലും, പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി മുതൽ അച്യുത മേനോനടക്കമുള്ള മുഖ്യ മന്ത്രിമാർ വരെ ബാഫഖി തങ്ങളുടെ വാക്കുകളും തീരുമാനങ്ങളും ഉറ്റു നോക്കിക്കൊണ്ടിരുന്ന നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.......
ആത്മീയ രംഗത്തും അനുഗ്രഹീത നേതൃത്വം.....
മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻറെ അമരത്ത് നിൽക്കുമ്പോൾ തന്നെ ആത്മീയ രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു ബാഫഖി തങ്ങൾ. 1926 ൽ രൂപീകൃതമായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ പ്രാരംഭ കാലം മുതൽ തന്നെ സംഘടനയുമായി ബന്ധപ്പെട്ടു വന്ന തങ്ങൾ, സമസ്തയുടെ സ്ഥാപക പ്രസിഡണ്ടും തൻറെ അമ്മാവനുമായ, വരക്കൽ മുല്ലക്കോയ തങ്ങളുടെ വേർപാടിന് ശേഷം 1932 ലാണ് സമസ്തയുടെ പ്രവർത്തന രംഗത്ത് സജീവമാവുന്നത്. 1945 ൽ എടരിക്കോട് ചേർന്ന സമസ്ത മുശാവറ യോഗ തീരുമാന പ്രകാരം ഉന്നത നിലവാരത്തിലുള്ള ദർസ്സ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്താൻ, വാഴക്കാടുള്ള 'ദാറുൽ ഉലൂം' സന്ദർശിക്കാൻ മുശാവറ നിയോഗിച്ച പ്രതിനിധി സംഘത്തിൻറെ നേതാവായി ബാഫഖി തങ്ങളെയായിരുന്നു നിശ്ചയിച്ചത്.
1945 ൽ തന്നെ നടന്ന സമസ്തയുടെ കാര്യവട്ടം സമ്മേളനത്തിൽ വെച്ച് കേരളത്തിൽ മദ്രസ പ്രസ്ഥാനത്തിൻറെ ആവശ്യകത വിശദീകരിച്ച് കൊണ്ട് ബാഫഖി തങ്ങൾ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗമാണ് യഥാർത്ഥത്തിൽ ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് രൂപീകരണത്തിന് പ്രചോദനമായത്. 1949 സപ്തംബർ ഒന്നിന് ചേർന്ന സമസ്തയുടെ മുശാവറ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത് മുശാവറ മെമ്പർ പോലുമല്ലാത്ത ബാഫഖി തങ്ങളായിരുന്നു. അന്നത്തെ സമസ്ത പ്രസിഡണ്ട് അബ്ദുൽ ബാരി ഉസ്താദും വൈസ്. പ്രസിഡണ്ട് പറവണ്ണ ഉസ്താദും ചേർന്ന് അവതരിപ്പിച്ച പ്രമേയത്തിലൂടെയായിരുന്നു തങ്ങളെ അദ്ധ്യക്ഷനായി തീരുമാനിച്ചത്. ഈ യോഗത്തിൽ വെച്ചാണ് കേരളത്തിലെ എല്ലാ മഹല്ലുകളിലും മദ്‌റസകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു ഫുള്‍ടൈം ഓര്‍ഗനൈസര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചത്.
1951 മാർച്ച് മാസം വടകരയിൽ ചേർന്ന സമസ്ത സമ്മേളനത്തിൽ വെച്ച് പ്രഖ്യാപിച്ച വിദ്യാഭ്യാസ ബോർഡിൻറെ പ്രഥമ കമ്മിറ്റി നിലവിൽ വന്നത് അതേ വർഷം സപ്തംബർ 17 നായിരുന്നു. ഈ കമ്മിറ്റിയുടെ ട്രഷറർ സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട ബാഫഖി തങ്ങൾ മരണം വരെ ആ പദവിയിൽ തന്നെ തുടർന്നു. പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിക്കോളേജിൻറെ ശിൽപ്പികളിൽ പ്രമുഖനായ തങ്ങൾ, പ്രാദേശിക തലത്തിലും ഒട്ടേറെ മത വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനും നേതൃ പരമായ പങ്ക് വഹിച്ചിട്ടുണ്ട്. 1962-ല്‍ മുശാവറ തീരുമാനപ്രകാരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അറബിക് കോളേജ് കമ്മിറ്റി രൂപീകൃതമായപ്പോള്‍ ബാഫഖി തങ്ങള്‍ തന്നെയായിരുന്നു പ്രസിഡണ്ട്. മുസ്ലിംകൾ വിദ്യാഭ്യാസ പരമായി ഉയർച്ച കൈവരിക്കണമെന്ന് അതിയായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്ത തങ്ങൾ, എം.ഇ.എസിന്റെ ആരംഭ കാലത്ത് അകമഴിഞ്ഞ് സഹായിക്കുകയും, സഹകരിക്കുകയും ചെയ്തിരുന്നു. എന്നാൽ എം. ഇ. എസിൻറെ ചില നിലപാടുകൾക്കെതിരെ സമസ്ത മുശാവറ തീരുമാനമെടുത്തപ്പോള്‍ ആ സംഘടനയിൽ നിന്നും ആദ്യമായി അംഗത്വം ഒഴിയുന്നതും ബാഫഖി തങ്ങൾ തന്നെയായിരുന്നു.
സുന്നീ പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനായി നിൽക്കുമ്പോൾ തന്നെ, മുസ്ലിംകളെല്ലാം ഒരൊറ്റ 'ജമാഅത്തായി' നില കൊള്ളണമെന്ന ആശയക്കാരനായിരുന്നു ബാഫഖി തങ്ങൾ. ഇതിന് തങ്ങൾ കണ്ട ഏറ്റവും വലിയ പ്രതലം മുസ്ലിം ലീഗ് പ്രസ്ഥാനം തന്നെയായിരുന്നു. തങ്ങളുടെ ലീഗിലേക്കുള്ള കടന്നു വരവ് പോലും ഈ ആശയത്തിൻറെ പ്രതിഫലനമായിരുന്നു. സമസ്തയുടെ ആലിമീങ്ങളെപ്പോലെ തന്നെ, മുജാഹിദ് പ്രസ്ഥാനത്തിൻറെ പണ്ഡിതന്മാരും ബാഫഖി തങ്ങളുടെ ഉറ്റ മിത്രങ്ങളായിരുന്നു. ഖുത്വുബി മുഹമ്മദ് മുസ്ലിയാരും കെ.എം.മൗലവിയും രണ്ട് വ്യത്യസ്ത ആശയക്കാരായ പണ്ഡിതന്മാരാണെങ്കിലും പലപ്പോഴും കൊയിലാണ്ടിയിലെ ബാഫഖി തങ്ങളുടെ വസതിയിലെ താമസക്കരുമായിരുന്നു. എം.കെ. ഹാജി സാഹിബ് തങ്ങളുടെ കൂടെ പള്ളിയിലെ ഇഷാ നിസ്കാരത്തിന് ശേഷം സുന്നികൾ മാത്രം ചെയ്തു വരാറുള്ള 'ഹദ്ദാദ്' റാത്വീബിൽ കൂടി പങ്കെടുത്തിരുന്നത് ബാഫഖി തങ്ങളോടുള്ള ബഹുമാനാർത്ഥം തന്നെയായിരുന്നു. 'മുജാഹിദു'കളുടെ നേതൃത്വത്തിൽ തിരൂരങ്ങാടിലെ യതീം ഖാനയോടനുബന്ധിച്ചുള്ള പള്ളി തറക്കല്ലിടാൻ ബാഫഖി തങ്ങളെ ക്ഷണിച്ചതും, തങ്ങൾ അത് നിർവ്വഹിച്ചതും ഈ ബന്ധത്തിൻറെ സ്പഷ്ടമായ ഉദാഹരണമാണ്.
കേരള സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടായി ബാഫഖി തങ്ങളെ നിർദ്ദേശിച്ചത് മുജാഹിദ് പണ്ഡിതനായിരുന്ന കെ. എം. മൗലവിയായിരുന്നു. ആ കമ്മിറ്റിയിൽ മരണം വരെ വൈസ്. പ്രസിഡണ്ടായി പ്രവർത്തിച്ചത് അതേ കെ.എം. മൗലവി സാഹിബ് തന്നെയിയാരുന്നു... സമുദായ സൗഹാർദ്ദം ഊട്ടിയുറപ്പിച്ച നേതാവ്......
ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളിൽ അടിയുറച്ചു ജീവിച്ച ബാഫഖി തങ്ങൾ, എല്ലാ മത വിശ്വാസികളോടും സ്നേഹവും സഹിഷ്ണുതയും അനുവർത്തിച്ച നേതാവായിരുന്നു. സമുദായ സൗഹാർദ്ദത്തിന് കോട്ടം തട്ടുന്ന ഘട്ടങ്ങളിലെല്ലാം സമാധാന ദൂതുമായി ഓടിയെത്തുന്ന ബാഫഖി തങ്ങൾ, നിയമ പാലകരും സന്നദ്ധ സംഘടനാ നേതാക്കളും പരാജയപ്പെട്ടിടത്ത് പോലും സമാധാനം പുന: സ്ഥാപിക്കാൻ രംഗത്തിറങ്ങി വിജയം വരിച്ച ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. പയ്യോളിയിലും നടുവട്ടത്തും മണത്തലയിലും അങ്ങാടിപ്പുറത്തും തലശ്ശേരിയിലുമെല്ലാം വിവിധ കാലങ്ങളിൽ സാമുദായിക സംഘർഷങ്ങളും കലാപങ്ങളും, നടമാടിയപ്പോൾ, ശരി തെറ്റുകൾ വേർതിരിക്കുന്നതിനപ്പുറം കലാപം ശമിപ്പിക്കുന്നതിന് മുഖ്യ പരിഗണന നൽകി അസാമാന്യ ധൈര്യത്തോടെ കലാപ മേഖലയിൽ കയറിച്ചെന്ന് സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ചരിത്രമാണ് ബാഫഖി തങ്ങളുടേത്.
ഒരു കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു 'മുട്ടിപ്പോക്ക്'. പള്ളിയുടെ സമീപത്ത് കൂടി പ്രകോപന പരമായ രീതിയിൽ വാദ്യ മേളങ്ങളോടെയുള്ള യാത്രകൾ നടത്തി മുസ്ലിംകളെ പ്രകോപിപ്പിച്ച് സംഘർഷമുണ്ടാക്കുക എന്നതായിരുന്നു വർഗ്ഗീയ വാദികളുടെ 'മുട്ടിപ്പോക്ക്' കൊണ്ടുള്ള ഉദ്ദേശ്യം. ഇത് നാട്ടിൻറെ സമാധാനാന്തരീക്ഷം തകർക്കുകയും വലിയ തോതിലുള്ള ആളപായവും സ്വത്തു വകകളുടെ നശീകരണവും സംഭവിക്കുകയും ചെയ്തു. ഇതിനൊരു പരിഹാരം തേടിക്കൊണ്ട് ബാഫഖി തങ്ങൾ നേരിട്ട് പോയി 'മുട്ടിപ്പോക്ക്' നടത്തുന്നവരോട് സമാധാനത്തിനായി അഭ്യർത്ഥിച്ചു. 'മുട്ടിപ്പോക്ക്' ഇസ്ലാമിക ദൃഷ്ട്യാ തെറ്റെല്ലന്നും, അത് ഇതര മതസ്ഥരുടെ ആരാധനാലയത്തിന് സമീപത്ത് കൂടിയാവുന്നത് നല്ല പ്രവൃത്തിയല്ലല്ലോ എന്നുമുള്ള ബാഫഖി തങ്ങളുടെ സ്വത സിദ്ധമായ ശൈലിയിലുള്ള വാക്കുകളാണ് 'മുട്ടിപ്പോക്ക്' എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ അത് നടത്തിയവരെ പ്രേരിപ്പിച്ചത് എന്നതാണ് യാഥാർത്ഥ്യം.
പയ്യോളിയിലെ സംഘർഷം ഒരു ഗോവധ വിരുദ്ധ സമരവുമായി ബന്ധപ്പെട്ടാണ് ഉടലെടുത്തത്. അതി രൂക്ഷമായ കലാപം നടന്ന ഇവിടെയും ബാഫഖി തങ്ങളുടെ ശക്തമായ ഇടപെടലുകളിലൂടെയാണ് പരിപൂർണ്ണ സമാധാനം കൈവരിച്ചത്. സി.എച്ച്. മുഹമ്മദ് കോയ സാഹിബിനെയും കൂട്ടി പയ്യോളിയിൽ എത്തിയപ്പോൾ പോലീസുകാർ തടഞ്ഞു. എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ്, അത് കൊണ്ട് തങ്ങൾ തിരിച്ചു പോവണമെന്ന് പോലീസുകാർ നിർദ്ദേശിച്ചു. എന്നാൽ തങ്ങൾ കൂട്ടാക്കിയില്ല. തങ്ങളുടെ ആവശ്യപ്രകാരം ഒരു തുറന്ന ജീപ്പും മൈക്കും പോലീസുകാർ തങ്ങൾക്ക് നൽകി. ഹിന്ദുക്കളും മുസ്ലിംകളും താമസിക്കുന്നയിടങ്ങളിൽ ബാഫഖി തങ്ങൾ മൈക്കിലൂടെ ആയുധം താഴെ വെക്കാൻ കരഞ്ഞു പറഞ്ഞു. തങ്ങളുടെ കരച്ചിലിന് ഫലമുണ്ടായി. ഗാന്ധിയന്മാരായ വലിയ ആളുകൾ പറഞ്ഞിട്ടും കേൾക്കാത്ത ജനത, ബാഫഖി തങ്ങളുടെ വാക്കുകൾ അനുസരിച്ചു. ജീവ ഹാനി വരെ സംഭവിച്ച പ്രസ്തുത കലാപം ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ നടത്തിയ സമാധാന പ്രവർത്തനത്തിലൂടെയാണ് അവസാനിച്ചത്.
ഇരു വിഭാഗം ജനങ്ങൾ പരസ്പരം പോരടിച്ച മണത്തലയിൽ സമാധാനം പുന: സ്ഥാപിക്കുന്നതിനായി ചാവക്കാട് ഗസ്റ്റ് ഹൗസിൽ സർവ്വ കക്ഷി യോഗം നടക്കുമ്പോൾ അസ്വർ ബാങ്ക് വിളിച്ചു. വുളുവെടുക്കാൻ ചെന്ന ബാഫഖി തങ്ങൾ, വെള്ളമില്ലാതെ തിരിച്ചു വന്നു. ഇതറിഞ്ഞ ജന സംഘം പ്രവർത്തകർ സമീപ വീട്ടിൽ നിന്നും ഉടനെ വെള്ളം കൊണ്ട് വന്ന് ബാഫഖി തങ്ങൾക്ക് വുളുവെടുക്കാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ.കേളപ്പൻ ഇടപെട്ടിട്ട് പോലും അയവ് വരാതിരുന്ന സംഘർഷം ബാഫഖി തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് കെട്ടടങ്ങി എന്നതാണ് വാസ്തവം. അങ്ങാടിപ്പുറത്ത് നടന്ന സംഘർഷാഗ്നിയെ കെടുത്താനും ബാഫഖി തങ്ങൾ തന്നെയാണ് മുന്നിട്ടിറങ്ങിയത്.
1971 ഡിസംബർ മാസം അവസാനം നടന്ന തലശ്ശേരി കലാപം, അക്ഷരാർത്ഥത്തിൽ മുസ്ലിംകളെ സാമ്പത്തികമായി തകർക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി നടത്തിയ ഒന്നായിരുന്നു. ആർ.എസ്.എസിനെ പോലെത്തന്നെ മാർക്സിസ്റ്റ് പാർട്ടിക്കും ഈ കലാപത്തിൽ പങ്കുള്ളതായി കലാപത്തെ പറ്റി അന്വേഷിച്ച ജസ്റ്റിസ്: ജോസഫ് വിതയത്തിൽ കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംഘർഷത്തിൽ കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് മുസ്ലിംകൾക്ക് നേരിടേണ്ടി വന്നത്. ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ സമാധാനത്തിൻറെ സന്ദേശവുമായി ബാഫഖി തങ്ങൾ രംഗത്തിറങ്ങി. കലാപ ബാധിതർക്ക് സാന്ത്വനവുമായി കേയീ സാഹിബും വി.പി. മഹമൂദ് ഹാജി സാഹിബും ഓടി നടന്നു. മുസ്ലിം ലീഗിന് കൂടി പങ്കാളിത്തമുള്ള ഭരണമായത് കൊണ്ട് തന്നെ ഗവർമ്മെണ്ടിൻറെ എല്ലാ മിഷനറിയും ഉപയോഗിച്ച് അടിച്ചമർത്തിയ കലാപത്തിൽ സർവ്വം നഷ്ടപ്പെട്ടവർക്ക് സർക്കാറിൻറെ ഭാഗത്ത് നിന്നും അർഹമായ ധന സഹായം കൂടി നേടിക്കൊടുത്തത് തങ്ങളുടെ ഇടപെടൽ കൊണ്ടായിരുന്നു. ഇത് സംബന്ധിച്ച് പ്രമുഖ പത്ര പ്രവർത്തകനായിരുന്ന എ. പി. ഉദയഭാനു ഇങ്ങിനെയാണ് എഴുതിയത്. "കേരളത്തെ മുഴുവൻ ചാമ്പലാക്കാൻ കഴിയുമായിരുന്ന അഗ്നിയാണ് തലശ്ശേരിയിൽ കത്തിക്കൊണ്ടിരുന്നത്. എന്നാൽ അത് മറ്റെങ്ങും പടരാതെ അവിടെത്തന്നെ കെട്ടടങ്ങിയെങ്കിൽ അതിന് കേരളം കടപ്പെട്ടിരിക്കുന്നത് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളോട് മാത്രമാണ്.".
"ആദ്യം മുസ്ലിമാവുക, പിന്നെ മുസ്ലിം ലീഗും".......
ഖായിദുൽ ഖൗം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ മുസ്ലിം ലീഗ് പ്രവർത്തകരോട് സദാ ഉണർത്തിയിരുന്ന ഒരു കാര്യം, നിങ്ങൾ ആദ്യം മുസ്ലിമാവുക പിന്നെ മുസ്ലിം ലീഗാവുക എന്നതായിരുന്നു. വിശുദ്ധ പ്രവാചകൻ (സ്വ.അ) യുടെ പരമ്പരയിൽ പെട്ട ആൾ എന്ന നിലയിൽ പ്രവാചക മാതൃക ജീവിതത്തിലുടനീളം പകർത്തിയ ബാഫഖി തങ്ങൾ, തിരു നബി(സ്വ.അ.)യുടെ ഏതാണ്ടെല്ലാ ഗുണഗണങ്ങളും ഒത്തു ചേർന്ന നേതാവ് കൂടിയായിരുന്നു. പ്രവാചകത്വത്തിന് മുമ്പ് തിരുമേനിയും ഒരു കച്ചവടക്കാരനായിരുന്നുവല്ലോ. ശത്രുക്കൾ പോലും വിശ്വസ്തനെന്ന് വിളിച്ച നബി (സ്വ.അ) യുടെ സ്വഭാവ വൈശിഷ്ട്യങ്ങളിൽ പെട്ട സത്യ സന്ധത, ത്യാഗ സന്നദ്ധത, ദീനദയാലുത്വം, അനാഥരിലും ആലംബഹീനരിലുമുള്ള അനുകമ്പ എന്നിവ കൂടാതെ തൻറെ സൃഷ്ടാവിന് 'ഇബാദത്ത്' ചെയ്യാൻ ശാരീരികമായ എന്ത് അവശതയുണ്ടായാലും യാതൊരു വൈമുഖ്യവും കാണിക്കാത്ത പ്രവാചക പുംഗവരുടെ അതേ മാതൃക തന്നെയായിരുന്നു മഹാനായ ബാഫഖി തങ്ങളും ജീവിതത്തിൽ പുലർത്തിയിരുന്നത്.
എത്ര വലിയ തിരക്കുകളുണ്ടായാലും പതിവായുള്ള സുന്നത്ത് നമസ്കാരം പോലും ഒഴിവാക്കാൻ കൂട്ടാക്കാത്ത തങ്ങൾ, അതി കഠിനമായ ശാരീരിക വല്ലായ്മകളുണ്ടായാലും ഇതിന് യാതൊരു മാറ്റവും വരുത്തിയിരുന്നില്ല.
മുസ്ലിം ലീഗ് സംഘടനയുടെ പല തീരുമാനങ്ങളും തങ്ങൾ പ്രഖ്യാപിക്കുന്നത് രണ്ട് റകഅത്ത് സുന്നത്ത് നിസ്കാരം നിർവ്വഹിച്ചതിന് ശേഷമായിരുന്നു. മാത്രമല്ല, സങ്കീർണ്ണമായ രാഷ്രീയ കാലാവസ്ഥയിലും സ്വത സിദ്ധമായ ശൈലിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള നൈപുണ്യം തങ്ങൾക്ക് ലഭിച്ചത് ഈ അടിയുറച്ച ദൈവ ഭക്തി തന്നെയായിരുന്നുവെന്ന് തങ്ങളുടെ സന്തത സഹചാരികളായവർ പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പ്രഥമ നിയമ സഭ തെരഞ്ഞെടുപ്പ് നടന്ന 1957 മുതൽ അദ്ദേഹം വിട പറഞ്ഞ 1973 വരെയുള്ള കാലത്ത് കേരള രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും, സമുദായത്തിനും സമൂഹത്തിനും ഗുണകരമാകുന്ന തരത്തിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് ബാഫഖി തങ്ങളുടെയും മറ്റ് സാത്വികരായ മഹദ് വ്യക്തിത്വങ്ങളുടെയും ഈ വിശ്വാസ ദൃഢതയുടെ ഫലം കൊണ്ട് തന്നെയായിരുന്നു. വിമോചന സമരത്തിൻറെ വിജയം, സീതി സാഹിബിനും സി.എച്ചിനും ലഭിച്ച സ്പീക്കർ പദവി, 1967 ലെ സപ്തകക്ഷി മുന്നണി രൂപീകരണവും അത് വഴി മുസ്ലിം ലീഗ് മന്ത്രിമാരുടെ സത്യ പ്രതിജ്ഞ, പിന്നീട് അച്യുത മേനോനെ മുഖ്യമന്ത്രിയാക്കുന്നതടക്കം സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന വേളയിലെല്ലാം തങ്ങൾ രണ്ട് റകഅത്ത് സുന്നത്ത് നിസ്കാരം നിർവ്വഹിച്ചിരുന്നു എന്ന് രാഷ്ട്രീയ എതിർ ചെരിയിലുള്ള ആളുകൾ പോലും പിന്നീട് പറഞ്ഞിട്ടുണ്ട്.
ബി.വി.അബ്ദുല്ലക്കോയ സാഹിബ് ആദ്യമായി രാജ്യ സഭയിലേക്ക് മത്സരിക്കുന്ന വേളയിൽ സംഘടനാ പരമായ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും രണ്ട് വിഭാഗങ്ങളായി ബാഫഖി തങ്ങളെ സമീപിച്ചു. രണ്ട് റകഅത്ത് നിസ്കരിച്ച് വരട്ടെ. എല്ലാവർക്കും തൃപ്തികരമായ തീരുമാനം വരും എന്നാണ് തങ്ങൾ അവരോട് പറഞ്ഞത്. യാത്രയിലുടനീളം മുസല്ലയും വുളു ചെയ്യാനുള്ള വെള്ളപ്പാത്രവും കൊണ്ട് നടക്കാറുള്ള ബാഫഖി തങ്ങൾ, ഫർള് നിസ്കാരത്തെപ്പോലെത്തന്നെ 'തഹജ്ജുദ്' അടക്കമുള്ള സുന്നത്ത് നിസ്കാരവും മുറ തെറ്റാതെ നിർവ്വഹിക്കുന്നയാളായിരുന്നു.
ബാങ്ക് വിളി കേട്ടാൽ സ്ഥലം ഏതെന്നു പോലും നോക്കാതെ നിസ്കാരം നിർവ്വഹിക്കാൻ ധൃതി കൂട്ടുന്ന തങ്ങൾ, ഒരിക്കൽ കഥകളി ക്ലാസ്സ് നടക്കുന്ന സ്ഥലത്ത് പോയി നിസ്കരിച്ച കാര്യം കലാമണ്ഡലം കൃഷ്ണൻ നായർ അനുസ്മരിച്ചിട്ടുണ്ട്. മുസ്ലിം ലീഗിൻറെ ദേശീയ പ്രസിഡണ്ടായി തിരഞ്ഞെടുത്ത ബാഫഖി തങ്ങൾക്ക് ബോംബയിൽ നൽകിയ സ്വീകരണ ഘോഷ യാത്രക്കിടയിൽ ബാങ്ക് വിളി കേട്ടപ്പോൾ ഘോഷ യാത്ര തന്നെ നിർത്തി വെച്ച് എല്ലാവരെയും പള്ളിയിലേക്ക് കൊണ്ടു പോയത് ഇന്നത്തെ തലമുറക്ക് ഒരു പാഠമാണ്. ബാഫഖി തങ്ങളെ നിഴൽ പോലെ പിന്തുടർന്ന പ്രമുഖ പത്ര പ്രവർത്തകൻ എം. അലിക്കുഞ്ഞി സാഹിബ് ഹൃദയ സ്പർശിയായ ഒരു സന്ദർഭത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ഒരിക്കൽ തിരുവനന്തപുരം എം.എൽ.എ. ക്വാട്ടേഴ്സിൽ കഴിയവെ പനി ബാധിതനായ ബാഫഖി തങ്ങൾ, വളരെയേറെ കഷ്ടപ്പെട്ട് മഗ്രിബ്, ഇഷാ നിസ്കാരങ്ങളും ഹദ്ദാദ് അടക്കമുള്ള പതിവ് ദിക്റുകളും കഴിഞ്ഞ് നരങ്ങിയും ഉരുണ്ടുമാണ് ഉറങ്ങിയത്. അർദ്ധ രാത്രിയിൽ ഉണർന്നത് കണ്ട് സ്വുബ്ഹിയാണെന്ന് കരുതി വുളു എടുത്ത് വന്ന അലിക്കുഞ്ഞി സാഹിബിനോട് സ്വുബ്ഹിയുടെ നേരമായില്ല എന്ന് തങ്ങൾ പറഞ്ഞു. വളരെ അവശതയോടെ തഹജ്ജുദ് നിസ്കരിച്ച തങ്ങൾ അൽപ്പം ഉറങ്ങി സ്വുബ്ഹിക്ക് എഴുന്നേറ്റ് ഏറെ പ്രയാസപ്പെട്ട് തന്നെ ജമാഅത്തായി സ്വുബ്ഹിയും നിസ്കരിച്ച് കഴിഞ്ഞപ്പോൾ, സങ്കടത്തോടെ അലിക്കുഞ്ഞി സാഹിബ് നീര് വന്ന് വണ്ണം വെച്ച തങ്ങളുടെ കാലിലേക്ക് നോക്കി. ഇത് കണ്ട തങ്ങൾ 'നോക്കാനൊന്നുമില്ല, അത് വിങ്ങുകയും ചുരുങ്ങുകയും ഒക്കെ ചെയ്യും' എന്നായിരുന്നു പുഞ്ചിരിച്ചു കൊണ്ട് അലിക്കുഞ്ഞി സാഹിബിനോട് പറഞ്ഞത്. നന്ദിയുള്ള അടിമയാവാനായി, രാത്രി മുഴുവൻ നിന്ന് നിസ്കരിച്ച് കാലിൽ നീര് വന്ന വിശുദ്ധ പ്രവാചകൻറെ ചരിത്രമായിരുന്നു ആ സമയത്ത് എനിക്ക് ഓർമ്മ വന്നത് എന്നാണ് ഈ സംഭവത്തെപ്പറ്റി ആലിക്കുഞ്ഞി സാഹിബ് എഴുതിയത്. പ്രവാചക ചര്യ ജീവിതത്തിലുടനീളം പകർത്താൻ സാധ്യമാവുന്നതെല്ലാം ബാഫഖി തങ്ങൾ ചെയ്തു എന്നത് തന്നെയാണ് അദ്ദേഹത്തെ സർവ്വരാലും ആദരിക്കപ്പെട്ട നേതാവാക്കിയത്.
പഠിക്കാം നമുക്ക് ബാഫഖി തങ്ങളെ.
പത്രക്കാർക്കും പ്രിയങ്കരനായിരുന്ന തങ്ങൾ......
അതി സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളിലും മുസ്ലിം ലീഗിൻറെ നിലപാടുകളും തീരുമാനങ്ങളും പത്രക്കാരെ വിളിച്ച് പ്രഖ്യാപിക്കുന്നത് പ്രസിഡണ്ട് എന്ന നിലയിൽ ബാഫഖി തങ്ങൾ തന്നെയായിരുന്നു. ഒരു സാധാരണ മനുഷ്യൻറെ വാക്കുകളാണ് തങ്ങളിൽ നിന്നും വരുന്നതെങ്കിലും അവയൊക്കെ പത്ര പ്രതിനിധികൾ ഇഷ്ടപ്പെടുന്ന തരത്തിലുള്ളതായിരുന്നു. അത് കൊണ്ട് തന്നെ തങ്ങൾ പത്ര സമ്മേളനം വിളിച്ചാൽ റിപ്പോർട്ടർമാരെല്ലാം വളരെ താൽപ്പര്യത്തോടെയായിരുന്നു അവയിൽ പങ്കെടുത്തിരുന്നത്. അതിനാൽ ഒരുപാട് പത്ര പ്രവർത്തകർ തങ്ങളുടെ ഉറ്റ സുഹൃത്തുക്കളായുണ്ടായിട്ടുണ്ട്. താൻ പറയുന്ന കാര്യങ്ങൾ ആർക്കും വളച്ചൊടിക്കാൻ പറ്റാത്ത തരത്തിലായിരുന്നു പത്ര പ്രവർത്തകരോടുള്ള തങ്ങളുടെ വാക്കുകൾ. കുടുക്കുന്നതും കുഴപ്പിക്കുന്നതുമായ ചോദ്യങ്ങളെ സമർത്ഥമായി നേരിടാനുള്ള കഴിവ് തങ്ങൾക്കുണ്ടായിരുന്നു. ഇക്കാരണത്താൽ തന്നെയാണ് അദ്ദേഹത്തിന്, പറഞ്ഞ വാക്കുകൾ തിരുത്തുകയോ മാറ്റിപ്പറയുകയോ ചെയ്യേണ്ടി വരാതിരുന്നതും. വാർത്തകൾക്കുള്ള ഒരു ഉത്തമ ഉറവിടം കൂടിയായിരുന്നു തങ്ങളെന്നാണ് അക്കാലത്തെ മുതിർന്ന പത്ര പ്രവർത്തകർ പോലും പറഞ്ഞിരുന്നത്.
ഇതര പാർട്ടിക്കാർ എത്ര പ്രകോപന പരമായ ആക്ഷേപങ്ങൾ ഉന്നയിച്ചാലും പ്രതിപക്ഷ ബഹുമാനത്തോടെ മാത്രമായിരുന്നു തങ്ങൾ പ്രതികരിക്കാറുണ്ടായത്. മുസ്ലിം ലീഗ് കൂടി പിന്തുണച്ച ആദ്യ അച്യുത മേനോൻ മന്ത്രിസഭ അധികാരത്തിലിരിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചില നേതാക്കൾ, ബാഫഖി തങ്ങളെയടക്കം മുസ്ലിം ലീഗ് നേതാക്കളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടേയിരുന്നു. ഇക്കാര്യം ഒരു പത്ര സമ്മേളനത്തിൽ വെച്ച് പത്ര ലേഖകർ ബാഫഖി തങ്ങളുടെ ശ്രദ്ധയിൽ പെടുത്തി. തിരിച്ചും മറിച്ചും തങ്ങളോട് വിഷയം പറഞ്ഞെങ്കിലും തങ്ങളിൽ നിന്നും കൂടുതലൊന്നും ലഭിച്ചില്ല. എതിരാളികൾ പറഞ്ഞ വാക്കുകൾ അതേപടി തങ്ങളെ അറിയിച്ച പത്ര ലേഖകരോട്, അൽപ്പം കടുത്ത ഭാഷയിലായിരുന്നു തങ്ങളുടെ വാക്കുകൾ . 'നാണം കേട്ട നേതാവ്'. ഇതായിരുന്നു തങ്ങളുടെ പ്രതികരണം. എതിരാളികളുടെ ഭാഷയുമായി താരതമ്മ്യം ചെയ്യുമ്പോൾ വളരെ ലളിതമായിരുന്നു തങ്ങളുടെ പ്രയൊഗമെന്നും, ഇതിനേക്കാൾ രൂക്ഷമായൊരു ഭാഷ ഒരിക്കൽ പോലും തങ്ങളുടെ നാവിൽ നിന്നും കേൾക്കേണ്ടി വന്നിട്ടില്ല എന്നുമാണ് പ്രമുഖ മാധ്യമ പ്രവർത്തകനും, ആകാശവാണി ലേഖകനുമായ കെ. ഗോപിനാഥ് ഒരിക്കൽ എഴുതിയിട്ടുള്ളത്.
അപ്രതീക്ഷിതമായ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ രാജ്യസഭാംഗമായിരുന്ന സി. അച്ച്യുത മേനോനെ മുഖ്യമന്ത്രിയാക്കിയ സംഭവം എല്ലാ പത്ര പ്രവർത്തകരും അത്ഭുതത്തോടെയാണ് പറഞ്ഞിരുന്നത്. ഒരിക്കൽ 'കേരള കൗമുദി'യിൽ മത്തായി മാഞ്ഞൂരാൻ മാർക്സിസ്റ്റുകാരുടെ കയ്യിലെ മരപ്പാവയാണെന്ന് തങ്ങൾ പറഞ്ഞ വാർത്ത വക്കീൽ നോട്ടീസ് കിട്ടുന്നത് വരെ എത്തിയപ്പോൾ, അത് റിപ്പോർട്ട് ചെയ്ത തന്നെ വിളിച്ച് "നിങ്ങൾ ഭയപ്പെടണ്ട, പറഞ്ഞ വാക്കിൽ ഞാൻ ഉറച്ചു നിൽക്കുന്നു" എന്ന് പറയാൻ ചങ്കൂറ്റം കാട്ടിയ ബാഫഖി തങ്ങളുടെ തുറന്ന മനസ്സിനെയും സ്വഭാവ വൈശിഷ്ട്യത്തെയുമാണ് സൂചിപ്പിക്കുന്നത് എന്നാണ് ലേഖകൻ പി. ഡി. ദാമോദരൻ പിന്നീട് പറഞ്ഞത്. തങ്ങളെ വ്യക്തിപരമായി ബാധിക്കുന്ന ഏതെങ്കിലും കാര്യം പ്രസിദ്ധീകരണത്തിന് വന്നാൽ, ആദ്യം അദ്ദേഹത്തെ വിളിച്ചു സത്യാവസ്ഥ അറിയുമായിരുന്നുവെന്ന് പല മാധ്യമ സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്.
ബാഫഖി തങ്ങൾ അവസാനമായി പത്ര സമ്മേളനം നടത്തിയത് 1972 ഡിസംബർ 24 നായിരുന്നു. വളരെ രാഷ്ട്രീയ പ്രാധാന്യവും അതിലേറെ ഉൽകൺഠയും നിറഞ്ഞ ഒരു കാര്യമാണ് കോഴിക്കോട് ലീഗ് ഹൗസിൽ തടിച്ചു കൂടിയ പത്ര ലേഖകർക്ക് മുന്നിൽ തങ്ങൾ വിശദീകരിച്ചത്. അന്ന് മന്ത്രി സഭയിൽ തിളങ്ങി നിന്ന വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ സാഹിബിനെ പാർലമെൻറിലേക്ക് മത്സരിപ്പിക്കാനുള്ള സുപ്രധാനമായ പ്രഖ്യാപനം നടത്താനായിരുന്നു തങ്ങൾ അവസാനമായി പത്ര സമ്മേളനം നടത്തിയത്. സർവ്വരേയും വശീകരിക്കുന്ന പുഞ്ചിരിയോടെ നാലുപാടും നിന്ന് വന്ന ചോദ്യ ശരങ്ങൾക്ക് അതേ നാണയത്തിലും മറു ചോദ്യമുന്നയിച്ചും എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടാണ് തങ്ങളുടെ അവസാനത്തെ പത്ര സമ്മേളനം അവസാനിപ്പിച്ചത് എന്ന് ആ പത്ര സമ്മേളനം 'ചന്ദ്രിക'ക്ക് വേണ്ടി റിപ്പോർട്ട് ചെയ്യാൻ എത്തിയ കെ. സാദിരിക്കോയ ഒരിക്കൽ എഴുതിയിട്ടുണ്ട്. മുസ്ലിം സമുദായത്തിൻറെ ജിഹ്വയായ 'ചന്ദ്രിക' യെ ജനകീയമാക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച ബാഫഖി തങ്ങളുടെ അവസാനത്തെ പ്രസ്താവന വന്നതും 'ചന്ദ്രിക' യിൽ തന്നെയായിരുന്നു. അക്കൊല്ലത്തെ ബലിപെരുന്നാൾ സന്ദേശമായിരുന്നു ബാഫഖി തങ്ങളുടെതായി അവസാനമായി പ്രസിദ്ധീകരിച്ചത്.
"ഇനി കാണുകില്ല ചന്ദ്രമുഖം ആ പ്രകാശമേ....."
കേരളത്തിൽ മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ എന്നത്തേക്കാളുമേറെ ജനം ആവശ്യപ്പെട്ട സങ്കീർണ്ണമായ ഒരു ഘട്ടത്തിലായിരുന്നു ബാഫഖി തങ്ങളുടെ ആകസ്മിക വേർപാട് സംഭവിക്കുന്നത്. ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിൻറെ വിയോഗം നടന്ന് രണ്ടു വർഷം തികയും മുമ്പേ തന്നെയായിരുന്നു ബാഫഖി തങ്ങളുടെയും മരണം. 1973 ജനുവരി 19 ന് വിശുദ്ധ മക്കയിൽ വെച്ച് തൻറെ ഇരുപത്താറാമത്തെ ഹജ്ജ് കർമ്മം നിർവഹിച്ചതിന് ശേഷമായിരുന്നു തങ്ങൾ വഫാത്തായത്.
മുസ്ലിം സമുദായത്തിനും മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും വേണ്ടി ഓടി നടക്കുന്നതിനിടയിൽ സ്വന്തം ആരോഗ്യത്തെ നന്നേ അവഗണിച്ച തങ്ങൾ, അവസാന കാലത്ത് ഹൃദയവും ശ്വാസ കോശവും സംബന്ധമായ ഒരുപാട് വിഷമതകൾ അനുഭവിച്ചിരുന്നു. ഖായിദെ മില്ലത്തിൻറെ മരണത്തോടെ മുസ്ലിം ലീഗിൻറെ അഖിലേന്ത്യാ അദ്ധ്യക്ഷ പദവി വഹിച്ച തങ്ങൾ, ശാരീരിക അവശതകൾ അനുഭവിച്ചും കൂടുതൽ ഉത്തരവാദിത്വത്തോടെ കർമ്മ രംഗത്ത് സജീവമായിരുന്നു. ഇസ്മായിൽ സാഹിബിൻറെ മരണത്തെ തുടർന്ന് ഒഴിവ് വന്ന മഞ്ചേരി ലോകസഭാ സീറ്റിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സാഹിബിനെ സ്ഥാനാർത്ഥിയാക്കി നിശ്ചയിച്ചത് ഒരു വിഭാഗം പാർട്ടി അണികളിൽ അസംതൃപ്തിക്ക് വഴി വെച്ചു. ബാഫഖി തങ്ങൾ ഹജ്ജ് കഴിഞ്ഞ് തിരിച്ചു വന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകുമെന്ന് കരുതിയിരിക്കുന്ന വേളയിലായിരുന്നു പൊടുന്നനെയുള്ള ആ ദു:ഖ വാർത്ത എത്തിയത്.
തങ്ങൾ ഹജ്ജിന് പുറപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് തിരുന്നാവായയിൽ വെച്ച് നടന്ന സമസ്തയുടെ ഇരുപത്തിമൂന്നാം സമ്മേളനത്തിൽ തങ്ങൾ പറഞ്ഞ വാക്കുകൾ ഒരു വിടവാങ്ങൽ പ്രസംഗത്തിൻറെ പ്രതീതിയായിരുന്നുവെന്ന് പിന്നീട് പലരും രേഖപ്പെടുത്തിയിട്ടുള്ളത്. 1973 ജനുവരി 1 നാണ് തങ്ങൾ മക്കയിലേക്ക് യാത്ര പോയത്. തങ്ങളുടെ ഏറ്റവും അടുത്ത ഒരാളായ തലശ്ശേരിയിലെ സി.കെ.പി.ചെറിയ മമ്മുക്കേയി സാഹിബിനെ അത്തവണ വളരെ നിർബന്ധിച്ചായിരുന്നു ഹജ്ജിന് കൂടെ കൊണ്ട് പോയത്. "കേയി തനിച്ച് തിരിച്ചു വരേണ്ടി വരുമെന്നാണല്ലോ തോന്നുന്നത്" എന്ന് തങ്ങൾ പലപ്പോഴും പറഞ്ഞതായി കെയി സാഹിബ് തന്നെ അനുസ്മരിച്ചിട്ടുണ്ട്. കുടുംബ ഡോക്ടർ രാമചന്ദ്രൻ നാൽപ്പത്തഞ്ചു ദിവസത്തെ ഗുളികയാണ് എഴുതിയത്. എന്നാൽ കോഴിക്കോട് നിന്നും പത്തൊമ്പത് ഗുളിക മാത്രമേ കിട്ടിയിരുന്നുള്ളൂ. ഇക്കാര്യം തങ്ങളോട് പറഞ്ഞപ്പോൾ "അത് മതിയാവും" എന്ന് തങ്ങൾ പറഞ്ഞതായി മകൻ ഹംസ ബാഫഖി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (ജനുവരി ഒന്നിന് ഹജ്ജിന് പോയ തങ്ങൾ 19 നാണ് മരണപ്പെട്ടത്).
എല്ലാവരോടും നിറഞ്ഞ പുഞ്ചിരിയുമായി സൗഹൃദം പുലർത്തിയിരുന്ന തങ്ങളുടെ അവസാന യാത്ര വികാര നിർഭരമായിരുന്നുവെന്ന് തങ്ങൾക്ക് ഏറെ പ്രിയങ്കരനായ കണ്ണൂരിലെ ഒ. കെ. മുഹമ്മദ് കുഞ്ഞി സാഹിബും എഴുതിട്ടുണ്ട്. കേയീ സാഹിബിനെ കൂടാതെ, കല്ലട്ര അബ്ദുൾ ഖാദർ ഹാജി സാഹിബ്, എം.കെ.സി. അബു ഹാജി സാഹിബ്, തുടങ്ങിയവരും സന്തത സഹചാരി എം.അലിക്കുഞ്ഞി സാഹിബും തങ്ങളോടൊപ്പം ഹജ്ജ് വേളയിളുണ്ടായിരുന്നു. മരണപ്പെടുന്നതിന് ഏതാണ്ട് ഒരാഴ്ച്ച മുമ്പേ തന്നെ തങ്ങൾക്ക് അസ്വസ്ഥതകൾ അനുഭവിച്ചിരുന്നു. ഹജ്ജ് കർമ്മങ്ങളെല്ലാം ഭംഗിയായി നിർവ്വഹിച്ച തങ്ങൾ, ഏറെ പ്രയാസങ്ങൾ അനുഭവിക്കുമ്പോഴും പതിവ് ആരാധനകൾക്ക് യാതൊരു ഭംഗവും വരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വടി കുത്തിപ്പിടിച്ചും കല്ലട്രയും കേയീ സാഹിബും ഇടംവലം പിടിച്ചുമൊക്കെയായിരുന്നു പല വഖ്ത്തിലും നിസ്കാരത്തിനായി പള്ളിയിലേക്ക് പോയിരുന്നത്.
അവസാന മൂന്ന് ദിവസം കലശലായ വേദനയും ക്ഷീണവും അനുഭവപ്പെട്ട തങ്ങൾ ചില നിസ്കാരങ്ങൾ റൂമിൽ വെച്ച് തന്നെ നിർവ്വഹിച്ചു. മരണത്തിന് ഏതാനും ദിവസം മുമ്പ് അവശതയിലാണെങ്കിലും കേരളത്തിലെ ജനങ്ങൾക്കായി പെരുന്നാൾ സന്ദേശവും നൽകാൻ തങ്ങൾ മറന്നില്ല. താൻ കൂടി മുൻകൈയെടുത്ത് രൂപീകരിച്ച മന്ത്രിസഭയുടെ ക്ഷേമ കാര്യങ്ങളും, അടുത്ത് തന്നെ നടക്കാൻ പോകുന്ന മഞ്ചേരി ലോക്സഭയടക്കമുള്ള ഉപ തെരഞ്ഞെടുപ്പിൽ ഐക്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനാഹ്വാനവും ഉൾക്കൊള്ളിച്ച സന്ദേശത്തിൽ, അന്ന് കേരളത്തിൽ നടന്ന സർക്കാർ ജീവനക്കാരുടെ സമരത്തെക്കുറിച്ചും പരാമർശിച്ചിരുന്നു.
തങ്ങളുടെ അന്ത്യ നിമിഷങ്ങൾ വളരെ വിശദമായിത്തന്നെ പത്ര പ്രവർത്തകൻ കൂടിയായ അലിക്കുഞ്ഞി സാഹിബ്, ബാഫഖി തങ്ങളുടെ ജീവ ചരിത്ര പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
"മരിക്കുന്നതിന് തലേ ദിവസം കടുത്ത പനിയായിരുന്നു ബാഫഖി തങ്ങൾക്ക് ഉണ്ടായിരുന്നത്. രാത്രി 103 ഡിഗ്രി പനിയുണ്ടായിരുന്ന തങ്ങൾക്ക് ഇന്ത്യൻ മെഡിക്കൽ സംഘത്തിലെ വിദഗ്ദ ഡോക്ടർമാർ നൽകിയ മരുന്ന് കഴിച്ച് അൽപ്പം ആശ്വാസം വന്നെങ്കിലും രാവിലെ വീണ്ടും ക്ഷീണം അനുഭവപ്പെട്ടു. ളുഹ്റും അസ്വറും നിന്ന് കൊണ്ട് തന്നെനിസ്കരിച്ച തങ്ങൾ, മഗ്രിബ് നിസ്കാരം റൂമിൽ വെച്ച് നിർവ്വഹിച്ചു. കുറച്ച് ആശ്വാസം കണ്ടെങ്കിലും വീണ്ടും പനിയും വിറയലും വന്നു. ഡോക്ടർമാർ നൽകിയ മരുന്ന് കഴിച്ച് ഉറങ്ങിയ തങ്ങൾ, പത്തര മണിക്ക് ഉറക്കമുണർന്ന് പ്രയാസം കടിച്ചമർത്തി നിന്ന് കൊണ്ട് തന്നെ ഇഷാ നിസ്കാരവും നിർവ്വഹിച്ചു. ജീവിതത്തിൽ ഒരിക്കൽ പോലും നിസ്കാരം ഒഴിവാക്കാത്ത ബാഫഖി തങ്ങളുടെ അവസാനത്തെ നിസ്കാരമായിരുന്നു അത്. വീണ്ടുമുറങ്ങിയ തങ്ങൾ പന്ത്രണ്ടരയോടെ ഉണർന്നു. കേയീ സാഹിബിനെയും കല്ലട്രയെയും മറ്റും വിളിച്ചു എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു. ഡോക്ടർമാർ വന്നു. അൽപ്പം ആശ്വാസം വന്നപ്പോൾ കൂടെയുള്ളവരോട് സംസാരിച്ചു. മൂത്രമൊഴിച്ചു, ചായ കുടിച്ചു. അൽപ്പ നേരത്തെ നിശ്ശബ്ദതക്ക് ശേഷം, താൻ ഈ ലോകത്ത് നിന്നും വിട വാങ്ങാനുള്ള സമയമായി എന്നറിഞ്ഞിട്ടാവണം, വലതു വശത്തേക്ക് ചെരിച്ചു കിടത്താൻ തങ്ങൾ ആവശ്യപ്പെട്ടു. മുറിയിലുള്ളവർ അങ്ങിനെ ചെയ്തു. തുടർന്ന് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന അമര ധ്വനി ഉരുവിട്ട് കൊണ്ട് ആ മഹദ് ജീവിതം എന്നെന്നേക്കുമായി നമ്മോട് യാത്ര പറഞ്ഞു."
പരിശുദ്ധ മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ പ്രവാചക പത്നി ഖദീജ (റ) ൻറെയും പ്രിയ പുത്രൻ ഖാസിം (റ) ൻറെയും മക്കയിലെ ഉന്നത പണ്ഡിതനായിരുന്ന സയ്യിദ് അലവി മാലിക്കിയുടെയും ഖബറിനരികെയാണ് ബാഫഖി തങ്ങൾ അന്ത്യ വിശ്രമം കൊള്ളുന്നത്. അല്ലാഹു ആ മഹാൻറെ കൂടെ നമ്മെയും അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ. ബാഫഖി തങ്ങൾ എന്ന സാഗരത്തിലെ ഒരു തുള്ളി മാത്രമാണ് ഇവിടെ കുറിച്ചിട്ടത്. ഇതിന് സഹായിച്ച എല്ലാവർക്കും നന്ദി.....
[10:57 AM, 1/17/2017] T Mufseer: ബാഫഖി തങ്ങളുടെയും പ്രിയപ്പെട്ട 'ചന്ദ്രിക'...
ബാഫഖി തങ്ങൾ മരണപ്പെട്ട 1973 ൽ ഇറങ്ങിയ ഒരു സ്മരണികയിൽ, തങ്ങളുടെ 'ചന്ദ്രിക'യുമായുള്ള ബന്ധത്തെ പറ്റി പറയുന്നത് ഇപ്രകാരമാണ്.
"ചന്ദ്രിക അഭിവൃദ്ധിക്കു വേണ്ടി മാനേജിംഗ് ഡയറക്ടറെന്ന നിലയിൽ തങ്ങൾ സമർപ്പിച്ചിരുന്ന നിർദ്ദേശങ്ങൾ കേട്ടാൽ, പത്രാധിപരായും മാനേജരായും ഫോർമേനായും പ്രസ്സ് മേനായും ഈ മനുഷ്യൻ കുറെക്കാലം ജോലി ചെയ്തിരുന്നു എന്ന് തോന്നിപ്പോകും. അക്ഷരം പെറുക്കി വെക്കുന്നത് മുതൽ അച്ചടിച്ചു പത്രം പുറത്തു വരുന്നതുവരെയുള്ള സർവ്വ കാര്യങ്ങളെക്കുറിച്ചും തങ്ങൾക്ക് പിടിപാടുണ്ടായിരുന്നു."
അതെ, ബാഫഖി തങ്ങൾക്ക് 'ചന്ദ്രിക' അത്ര മാത്രം പ്രിയമായിരുന്നു.
ഒരിക്കൽ 'ചന്ദ്രിക'യിൽ എം.എസ്.എഫ്.സമ്മേളനത്തിന് സപ്ലിമെൻറ് ഇറക്കിയ വകയിൽ തുക കടമാക്കി വെച്ചപ്പോൾ, തങ്ങൾ അന്നത്തെ എം.എസ്.എഫ്. നേതാക്കളെ അതൃപ്തി അറിയിച്ചു കൊണ്ട് പറഞ്ഞതിങ്ങിനെയാണ്.
"ചന്ദ്രിക സമുദായത്തിന്റെതാണ്.എം.എസ്.എഫും സമുദായ പുരോഗതിക്കുള്ളത് തന്നെയാണ്. എങ്കിലും 'ചന്ദ്രിക'ക്ക് കൊടുക്കാനുള്ള കാശിന് അവധി പറയരുത്. അത് ഉടൻ കൊടുത്ത് തീർക്കണം."
അതേ ബാഫഖി തങ്ങൾ തന്നെയാണ് ഒരിക്കൽ 'ചന്ദ്രിക'യിൽ തന്റെ പ്രസംഗം അഞ്ച് സ്ഥലങ്ങളിൽ അച്ചടിച്ചു വന്നത് കണ്ട് ക്ഷുഭിതനായി, "ചന്ദ്രിക ബാഫഖി തങ്ങൾ പറയുന്നത് മാത്രം എഴുതാനുള്ളതാണോ ?" എന്ന് അടുത്തുണ്ടായിരുന്ന 'ചന്ദ്രിക' ജീവനക്കാരോട് താക്കീത് സ്വരത്തിൽ ചോദിച്ചത്.
'ചന്ദ്രിക' നവീകരണ പദ്ധതിക്ക് എല്ലാവിധ ആശംസകളും നേരുന്നു.

ബാഫഖി തങ്ങളുടെ അത്മീയ സാമൂഹിക ജീവിതം വിശദീകരിച്ച് എഴുതിയിട്ടുണ്ട്
ReplyDeleteഅഭിനന്ദനം
അൽഹംദുലില്ലാഹ്
ReplyDeleteVery good...
ReplyDeleteഅവസാനം കാണുന്ന......
ബാഫഖി തങ്ങൾ മരണപ്പെട്ട 1973 ൽ ഇറങ്ങിയ ഒരു സ്മരണികയിൽ, തങ്ങളുടെ 'ചന്ദ്രിക'യുമായുള്ള ബന്ധത്തെ പറ്റി പറയുന്നത് ഇപ്രകാരമാണ്.....
ഇതിലെ വർഷം 1975 അല്ലേ 1973 ആണോ?
പ്രിയ സഹോദരാ, ഇത് മൂന്നാല് വർഷങ്ങൾക്ക് മുമ്പ് ഞാൻ എൻ്റെ വാളിൽ എഴുതിയ ബാഫഖി തങ്ങളുടെ ചരിത്രമാണ്. നിങ്ങളുടെ പേരിൽ അത് പ്രസിദ്ധീകരിക്കുമ്പോൾ ചുരുങ്ങിയത് എൻ്റെ അനുവാദമെങ്കിലും ചോദിക്കലല്ലേ മര്യാദ ?
ReplyDeleteപ്രിയ സഹോദരാ, ഇത് മൂന്നാല് വർഷങ്ങൾക്ക് മുമ്പ് ഞാൻ എൻ്റെ വാളിൽ എഴുതിയ ബാഫഖി തങ്ങളുടെ ചരിത്രമാണ്. നിങ്ങളുടെ പേരിൽ അത് പ്രസിദ്ധീകരിക്കുമ്പോൾ ചുരുങ്ങിയത് എൻ്റെ അനുവാദമെങ്കിലും ചോദിക്കലല്ലേ മര്യാദ ?
ReplyDeleteയു.കെ. മുഹമ്മദ് കുഞ്ഞി.
ആത്മീയരംഗത്ത് നിൽക്കുമ്പോഴാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത്.
Deleteആരാണ് യഥാർത്ഥ േഖകൻ എന്നറിയില്ല. എന്നാൽ േലഖനം നന്നായിട്ടുണ്ട്.
ReplyDeleteഅഭിനന്ദനങ്ങൾ
നന്നായി
ReplyDeleteബാഫഖി തങ്ങൾ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നത് വരെ കോണ്ഗ്രെസ് ആയിരുന്നില്ലേ.
ReplyDeleteപഠനാർഹമായ ലേഖനം
ReplyDelete