പുതിയ ഖിലാഫത്ത് സഭകളും സലഫി ഇസ്‌ലാമിന്റെ പ്രതിസന്ധികളും

ഖിലാഫത്ത് എന്ന പദം ആദ്യം കേള്‍ക്കുന്നത് മലബാര്‍ ലഹളക്കാലത്തെ ഓര്‍മകള്‍ അയവിറക്കുന്ന മുത്തശ്ശിക്കഥകളില്‍ നിന്നാണ്. ഖിലാവത്ത് എന്നാണ് വല്യുമ്മ പറഞ്ഞിരുന്നത്. തുര്‍ക്കിയിലെ ഉസ്മാനിയ്യാ ഖിലാഫത്തിനെ സംരക്ഷിക്കാനായി ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ത്ത സമരമായിരുന്നു 1921ലേത്. ഖലീഫ, ഖിലാഫത്ത് എന്നിവ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സമരകാലത്ത് അങ്ങനെ ഒന്ന് ആലോചിക്കാനേ കഴിയില്ല. എന്നു മാത്രമല്ല ഈ പദങ്ങളുടെ അര്‍ഥം തന്നെ മാറുകയാണിപ്പോള്‍. കണ്ണില്‍ കണ്ടവരയൊക്കെ കൊത്തിനുറുക്കാനും സമാധാനത്തോടെ കഴിയുന്ന ലോകത്തിന്റെ ഉറക്കം കെടുത്താനും അസ്ഥാനത്ത് ഉപയോഗിക്കുന്ന പ്രയോഗങ്ങളായി ഇവ മാറിയിട്ടുണ്ട്. വാളെടുത്തവരൊക്കെ വെളിച്ചപ്പാട് എന്നപോലെ എത്ര ഖലീഫമാരും ഖിലാഫത്തുമാണ് ഇന്ന് നിലവിലുള്ളത്!.
സത്യത്തില്‍ ഇസ്‌ലാമിലെ പവിത്രമായ ഒരു പദവിയാണ് ഖിലാഫത്ത്. പ്രവാചകര്‍(സ) തങ്ങള്‍ക്കു ശേഷം നാലു ഖലീഫമാരാണ് ഈ സ്ഥാനത്തോട് നീതി പുലര്‍ത്തി ഭരണനിര്‍വഹണം നടത്തിയത്. പിന്നീടുള്ളവരെ കുറിച്ച് ഈ പ്രയോഗം ഭാഷാര്‍ഥത്തില്‍ മാത്രമേ ശരിയാകൂ. ഇസ്‌ലാമിലെ ആത്മീയ-രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരേ കേന്ദ്രത്തില്‍ ഒന്നിക്കണമെന്നും ഒരിക്കലും പിരിയാന്‍ പാടില്ലെന്നുമുള്ള ദുര്‍വാശിയില്‍ നിന്നാണ് മുസ്‌ലിം സമുദായത്തില്‍ ആദ്യം ഭിന്നിപ്പുണ്ടാകുന്നത്.
രാഷ്ട്രീയ വീക്ഷണ വൈജാത്യങ്ങള്‍ നിരാകരിച്ചുകൊണ്ടാണ് ‘തക്ഫീര്‍’ വാദവുമായി ഖവാരിജുകള്‍ രംഗത്തുവന്നത്. രാഷ്ട്രീയത്തില്‍ നിന്നു മുക്തമായ മതം ഇല്ലെന്ന അസംബന്ധം ആദ്യം എഴുന്നള്ളിച്ചത് ഇവരാണ്. ഈ കക്ഷിയുടെ ആവിര്‍ഭാവത്തിനു കാരണമായ സ്വിഫീന്‍ യുദ്ധത്തിന്റെ പശ്ചാത്തലവും ചരിത്രവും പഠിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ അലി(റ), മുആവിയ(റ) എന്നിവരെ ശരിയുടെ പക്ഷക്കാരായിട്ടാണ് വിലയിരുത്തുന്നത്. മതത്തിന്റെ സമ്പൂര്‍ണതക്ക് രാഷ്ട്രവും രാഷ്ട്രീയവും അനിവാര്യമാണെന്നതിന് ഇസ്‌ലാമിക നിയമസംഹിതകളില്‍ തെളിവില്ല. ഭരണം കയ്യാളുന്നവര്‍ മതത്തിന്റെ നിയമങ്ങള്‍ക്ക് അനുയോജ്യമായി ഭരണം നടത്തണമെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. അത് രാഷ്ട്രഭരണത്തിന് മാത്രമല്ല ഗൃഹഭരണത്തിനും ബാധകമാണ്. മുസ്‌ലിം ലോകത്തെ അവാന്തര വിഭാഗങ്ങളില്‍ പ്രബല കക്ഷിയായ ശിയാക്കള്‍ ആത്മീയ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരേ ബിന്ദുവില്‍
കേന്ദ്രീകരിക്കണമെന്ന വാശിപിടിച്ചവരാണ്. പ്രവാചക കുടുംബത്തിന്റെ പേരില്‍ മുതലെടുത്താണ് ഈ കക്ഷി അംഗബലം വര്‍ദ്ധിപ്പിച്ചത്. സത്യത്തില്‍ പ്രവാചകര്‍ക്ക് ശേഷം മുപ്പത് വര്‍ഷമാണ് ആത്മീയ ഭൗതിക ഭരണം ഒരേ വ്യക്തിത്വങ്ങളില്‍ ഒന്നിച്ചിട്ടുള്ളത്. ഹസ്രത്ത് മുആവിയ(റ)നെ ഖുലഫാഉ റാശിദയില്‍ ഉള്‍പ്പെടുത്താതിരുന്നത് യാദൃശ്ചികമല്ല. അദ്ദേഹത്തിന്റെ കാലത്ത് ശുദ്ധ രാഷ്ട്രീയമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുണ്ട്.
മുആവിയ(റ), അലി(റ) പക്ഷങ്ങളില്‍ സച്ചരിതരും നീതിയുക്തരുമായ പ്രവാചകാനുയായികള്‍ ചേരി തിരിഞ്ഞ് അണിനിരന്നത് അതിനുള്ള സ്വാതന്ത്ര്യം മതം അവര്‍ക്ക് അനുവദിക്കുന്നുവെന്ന ബോധ്യത്തോടെയാണ്. ഇല്ലെങ്കില്‍ ഖവാരിജുകള്‍ പറഞ്ഞപോലെ ഇവരെ ‘സത്യനിഷേധികള്‍’ എന്ന് വിളിക്കേണ്ടി വരും. പിന്നീടുള്ള മുസ്‌ലിം ഭരണകൂട ചരിത്രം പരിശോധിച്ചാല്‍ ഇസ്‌ലാമിക ഖിലാഫത്ത്, മത രാഷ്ട്രം തുടങ്ങിയ പ്രയോഗങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നു പറയേണ്ടി വരും. വമന്‍ ലം യഹ്കും ബിമാഅന്‍സലല്ലാഹ് എന്ന ഖവാരിജ് വാദവും ഹുകൂമത്തേ ഇലാഹിയും വലിയ വ്യത്യാസമില്ലെന്ന് ചുരുക്കം.
മതത്തെ തങ്ങളുടെ ഇടുങ്ങിയ രാഷ്ട്രീയ-വ്യക്തി താല്‍പര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്തവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. മുഅ്തസില ചിന്താധാരക്കെതിരെ ശക്തമായ നിലപാടെടുത്ത ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍(റ)രാഷ്ട്രീയ നേതൃത്വത്തിന്റെ പീഡനത്തിനിരയായി കാരാഗൃഹത്തിലടക്കപ്പെട്ടു. ഭരണകൂടം വെച്ചുനീട്ടിയ രാഷ്ട്രീയാധികാരം ഇമാം അബൂഹനീഫ(റ) നിരാകരിച്ചതിന്റെ പേരില്‍ ജയിലിലടക്കപ്പെടുകയുണ്ടായി. മുസ്‌ലിം ഭരണം ബാഗ്ദാദ് ആസ്ഥാനമായി ഏറ്റവും വലിയ ജീര്‍ണതകള്‍ ബാധിച്ച കാലത്താണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) സ്വന്തമായി ഒരാത്മയ സാമ്രാജ്യം കെട്ടിപ്പടുത്തത്.
ഇവരൊന്നും തങ്ങളുടെ മതപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടി ഭരണകൂട വാതിലുകളില്‍ കെട്ടിക്കിടന്നില്ല. രാഷ്ട്രീയാധികാരമില്ലാതെ മതം സമ്പൂര്‍ണമാകില്ലെന്ന കാഴ്ചപ്പാട് അംഗീകരിച്ചതുമില്ല.
ആധുനിക സംസ്‌കാരത്തിന്റെ ഉല്‍പന്നങ്ങായ സെക്യൂലറിസം, ദേശീയത, ജനാധിപത്യം എന്നിവയുടെ സ്വാധീനമാണ് ഇസ്‌ലാമിന് രാഷ്ട്രീയ വ്യാഖ്യാനം ചമക്കാന്‍ ശ്രമിച്ചവരെ അബദ്ധത്തിലെത്തിച്ചത്.
ഈജിപ്തിലെ വ്യവസ്ഥാപിത ഭരണകൂടത്തെ ചോദ്യംചെയ്ത ഇഖ്‌വാനികളുടെ കാഴ്ചപ്പാടും പ്രവര്‍ത്തനങ്ങളും ആദ്യന്തികമായി ഇസ്‌ലാമികാശയങ്ങളെ ശക്തിപ്പെടുത്താനല്ല; തെറ്റുദ്ധരിക്കാനാണ് ഇട വരുത്തിയത്. നിലനില്‍ക്കുന്ന ഭരണസംവിധാനങ്ങളെ തിരുത്താന്‍ നിയമപരവും ഗുണകാംക്ഷാപരവുമായ നിലപാട് സ്വീകരിക്കുകയാണ് ഇസ്‌ലാമിന്റെ രീതി. ഇതിനുപകരം ‘വിപ്ലവം’ എന്ന ആശയം ഇസ്‌ലാമികമല്ല. പാശ്ചാത്യ ശക്തികളുടേതാണ്.
‘ഹുകൂമത്തെ ഇലാഹി’ എന്ന അപകടകരമായ വാദവുമായി രംഗത്തുവന്ന അബുല്‍ അഅ്‌ലാ മഅ്ദൂദിക്ക് സ്വയം അബദ്ധം ബോധ്യപ്പെടുകയും ഒന്നിലധികം തവണ തന്റെ ആശയത്തില്‍ വെള്ളം ചേര്‍ക്കേണ്ടി വരികയും ചെയ്തു. മൗദൂദിയും ഖുതുബും ബന്നയും തിരുത്തിയാല്‍ പോലും ശരിയാക്കാന്‍ കഴിയാത്ത വിധം കടുത്ത വിഷബാധയാണ് അറിഞ്ഞോ അറിയാതെയോ ഇവര്‍ മുന്നോട്ടു വെച്ച തീവ്ര നിലപാടുകള്‍ മുസ്‌ലിം ലോകത്ത് പരത്തിയത്. ഇവരുടെ സദുദ്ദേശ്യങ്ങളെയും പാണ്ഡിത്യത്തെയും അംഗീകരിച്ചാലും ആലോചനാ കുറവുകളെ ന്യായീകരിക്കാനാവില്ല. ഇവരുടെ സ്വാധീനമാണ് വലിയ ഒരു പക്ഷം മുസ്‌ലിംകളെ തീവ്ര നിലപാടുകളിലേക്ക് ആകര്‍ഷിച്ചതെന്ന് വ്യക്തമാണ്.
മറുവശത്ത് രാഷ്ട്രീയത്തില്‍ ഭരണകൂട ഭീകരതയെ ന്യായീകരിക്കാന്‍ ദുരുപയോഗിച്ച വഹാബീ മൂവ്‌മെന്റ തങ്ങള്‍ക്കിഷ്ടമില്ലാത്ത ആളുകളെയും ആശയങ്ങളെയും നിഷ്‌കാസനം ചെയ്യാന്‍ മതത്തെ കൂട്ടുപിടിക്കുകയായിരുന്നു.തീവ്ര ആശയങ്ങളിലൂടെ തങ്ങളല്ലാത്ത മുഴുവന്‍ മുസ്‌ലിംകളെയും ഇസ്‌ലാമിക വൃത്തത്തിനു പുറത്തു നിര്‍ത്താന്‍ ഇവര്‍ ധാര്‍ഷ്ട്യം കാണിച്ചു.
ആശയ തലത്തിലെ തീവ്രത പിന്നീട് രാഷ്ട്രീയ അബദ്ധങ്ങള്‍ക്ക് കാരണമാവുകയുണ്ടായി. സൗദി കുടുംബത്തിന്റെയും അമേരിക്കയുടെയും താല്‍പര്യങ്ങള്‍ക്ക് വേണ്ടി മുസ്‌ലിം ലോകത്താകമാനം ജിഹാദിനിറങ്ങിയ സലഫീ കടുംപിടുത്തക്കാര്‍ ഒടുവില്‍ ഇവര്‍ക്കു തന്നെ നിയന്ത്രിക്കാനാവാത്ത ഭീകരവാദത്തിലേക്ക് എത്തിപ്പെടുകയായിരുന്നു. മതത്തിന്റെ സ്‌നേഹപക്ഷത്തെ പൂര്‍ണമായും നിരാകരിക്കുന്ന സലഫികള്‍ യഥാര്‍ഥ മതത്തിന്റെ കാരുണ്യവും സ്‌നേഹവും മറ്റുള്ളവരിലേക്ക് പകര്‍ന്ന സൂഫീ പാരമ്പര്യങ്ങളെ ഒറ്റയടിക്ക് നിരാകരിക്കുകയായിരുന്നു.
ഇസ്‌ലാമിക പ്രമാണങ്ങളെ തന്നിഷ്ടം വ്യാഖ്യാനിച്ച് സമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും അരാജകത്വവും രക്തച്ചൊരിച്ചിലും സൃഷ്ടിക്കുന്ന മുല്ലമാരും യുദ്ധക്കൊതിയന്മാരുമാണ് ഈ ചിന്താധാരയുടെ ആധുനിക സംഭാവനകള്‍.
മതപ്രമാണങ്ങളെ തോന്നിയ പോലെ വ്യാഖ്യാനിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയ സലഫി ഇസ്‌ലാമിസ്റ്റ് കക്ഷികള്‍ക്ക് ഈ വഴികേടിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
സ്വയം പ്രഖ്യാപിത ഖലീഫമാരായി രംഗത്തുവന്ന ഐഎസ്സിന്റെയും താലിബാന്റെയും നേതൃത്വം ഉന്നയിക്കുന്ന ഖിലാഫത്ത്-ശഹാദത്ത് വാദങ്ങള്‍ തീര്‍ത്തും ഇസ്‌ലാം വിരുദ്ധമാണ്.
ഒരു കാലത്തും ഇസ്‌ലാമിക ഭരണം നിലനിന്നിട്ടില്ലാത്ത പാശ്ചാത്യ രാജ്യങ്ങളിലാണ് ഇന്ന് വിശുദ്ധ മതം ഏറ്റവും പ്രചാരം നേടുന്നത് എന്ന വസ്തുത ഈ താന്തോന്നി ഗ്രൂപ്പുകള്‍ സൗകര്യപൂര്‍വം മറക്കുകയാണ്.
മതത്തിന്റെ സ്‌നേഹപക്ഷത്തെ ശക്തിപ്പെടുത്തുന്ന നിലപാടാണ് എക്കാലത്തും കരണീയമെന്ന് പ്രത്യേകം പറയേണ്ടതില്ല. വാള്‍മുനയില്‍ ഒരു ആശയക്രയവിക്രയവും നടന്നതായി ചരിത്രമില്ല.
മുതലെടുപ്പിന്റെ രാഷ്ട്രീയം 
സലഫീ-ഇഖ്‌വാനീ ചിന്താധാരക്കെതിരെ ഉയരുന്ന ജനരോഷം മനസ്സിലാക്കാം. ഇവരുടെ ആദര്‍ശങ്ങളെ ശക്തിയുക്തം നിരാകരിക്കുകയും വേണം. എന്നാല്‍ ഇസ്‌ലാമോഫോബിയയുടെ പേരില്‍ നിലവില്‍ നടന്നുവരുന്ന സമാധാനപരമായ മതബോധന സംവിധാനങ്ങള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത് നാം കാണാതെ പോകരുത്. മുസ്‌ലിംകള്‍ പല തരത്തിലുള്ള ആശയവൈരുദ്ധ്യങ്ങളില്‍ പെട്ട് ചേരിതിരിഞ്ഞു പോരാടുന്നുണ്ടാകാം. ഈ അവസരം ശത്രു
വേണ്ടവിധം മുതലെടുക്കുകയും ചെയ്യുന്നു. എന്നാല്‍ വീക്ഷണ വ്യത്യാസമെന്ന ഒറ്റക്കാരണത്താല്‍ മുസ്‌ലിം സഹോദരങ്ങളെ ശത്രുവിന് കൂട്ടിക്കൊടുക്കുന്ന നിലപാട്  ആത്മഹത്യാപരമാണ്. ഡോ.സാകിര്‍ നായികിനോട് നിങ്ങള്‍ക്ക് വിയോജിക്കാം. അദ്ദേഹത്തെ ചോദ്യം ചെയ്യാം.എന്നാല്‍ അനാവശ്യമായി വാര്‍ത്തകളിലേക്ക് വലിച്ചിയക്കപ്പെടുമ്പോള്‍ ഉള്ളില്‍ ചിരിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നവരും ഓര്‍ക്കുക: ഇന്നത്തെ നായിക് നാളെ നിങ്ങളുമാവാം.
തീവ്രഗവേഷണങ്ങളുടെ പലായന പരിണതി
മതത്തിന്റെ ടെക്സ്റ്റുകള്‍ക്ക് ഓരോരുത്തരും സ്വ്ന്തം വ്യഖ്യാനം ചമക്കുകയും സച്ചരിതരായ മുന്‍ഗാമികളെ തള്ളിക്കളഞ്ഞ് അഹങ്കരിക്കുകയും ചെയ്യുന്ന നവോത്ഥാനവാദികള്‍ അകപ്പെട്ട ആശയപ്രതിസന്ധികളെക്കുറിച്ച് നിരീക്ഷിക്കുമ്പോള്‍ വിചിത്രമായ ഒട്ടേറെ പുതിയ വാദങ്ങള്‍ കാണാനാവുന്നു. സ്വതന്ത്ര ഗവേഷണങ്ങള്‍ മതത്തെ ആഭാസമാക്കുന്ന പുതിയ തമാശകള്‍ക്ക് വഴി തുറന്ന കേരളീയ കാഴ്ചകള്‍ ഗൗരവമായി എടുത്തേ പറ്റൂ.
ശുദ്ധ ഇസ്‌ലാം വാദം ഒടുവില്‍ കടുത്ത അന്ധവിശ്വാസങ്ങളിലേക്ക് കൊണ്ടു പോയപ്പോള്‍ ഒരു കാലത്ത് അടക്കം വെച്ചജിന്നും ശൈത്വാനും മൂടി തുറന്ന് പുറത്തു ചാടി. നാടും വീടും മതിയാകാതെ ആടും കാടും തേടി നാടു വിടുന്ന ദമ്മാജികള്‍ ഏതു സലഫുസ്സ്വാലിഹിനെയാണാവോ പിന്‍പറ്റുന്നത്. ഇസ്‌ലാം കര്‍ശനമായി വിലക്കിയ പൗരോഹിത്യം പുനസ്ഥാപിക്കുന്ന ഇത്തരം നിലപാടുകള്‍ക്കെതിരെ ബോധവത്കരണം നടത്തേണ്ടത് നമ്മുടെ ബാധ്യതയാണ്.
മതത്തിന്റെ അടിസ്ഥാനമായ ഇഹ്‌സാനും തസവ്വുഫും നിരാകരിച്ചപ്പോള്‍ സംഭവിച്ച പ്രതിസന്ധിയാണ് ജിഹാദി മൂവ്‌മെന്റുകളും സലഫികളും ഇപ്പോള്‍ അനുഭവിക്കുന്നത്. ഇവര്‍ക്ക് സ്‌നേഹത്തിന്റെ തത്വശാസ്ത്രം പകര്‍ന്നുകൊടുക്കാന്‍ ഇനി ഏത് നവോത്ഥാന നായകനെയാണ് കാലം കാത്തിരിക്കുന്നത്?!
                                       Untitled-1ടി.അബൂബക്കര്‍ ഹുദവി
thelicham.com

Comments

Popular posts from this blog

പഠിക്കാം നമുക്ക് ബാഫഖി തങ്ങളെ

അധ്യാപനത്തിന്റെ മഹത്വവും ഉത്തരവാദിത്തവും

ഖിള്ർ നബി (അ)