ഇമാം അശ്അരി (റ): വിശ്വാസം കാത്ത വിശ്വപണ്ഡിതന്‍

അലിയ്യുബ്‌നു ഇസ്മാഈല്‍ അബുല്‍ ഹസന്‍. ജനനം എ.ഡി 883 (ഹിജ്‌റ 270) ബസറയില്‍. അബൂമൂസല്‍ അശ്അരിയിലേക്ക് പിതാപരമ്പര ചേര്‍ത്താണ് അശ്അരീ ഇമാം എന്നറിയപ്പെട്ടത്.
നാലാം ഖലീഫ അലി (റ) വിന്റെ കാലത്ത് നടന്ന വന്‍യുദ്ധങ്ങളായ ജമല്‍, സ്വിഫീന്‍ സംഘട്ടനങ്ങളില്‍ കൊന്നവരും കൊല്ലപ്പെട്ടവരും സത്യനിഷേധികളാണെന്ന വാദവുമായി രംഗത്തുവന്നവരാണ് ഖവാരിജുകള്‍. വിശുദ്ധ ഖുര്‍ആനിന്റെ ബാഹ്യാര്‍ഥം വ്യാഖ്യാനിച്ച് മതതീരുമാനങ്ങള്‍ പ്രഖ്യാപിക്കുക വഴി ഖവാരിജുകള്‍ സത്യസരണിയില്‍ നിന്ന് പുറകോട്ടുപോയി. എ.ഡി 642-672 കാലത്ത് ജീവിച്ചിരുന്ന പ്രമുഖ താബിഉം പണ്ഡിതനുമായിരുന്ന ഹസനുല്‍ ബസരി (റ) യുടെ ശിഷ്യരില്‍ ഒരാളായിരുന്നു വാസിലു ബിന്‍ അത്വാഅ്. ക്ലാസ് നടന്നുകൊണ്ടിരിക്കേ ഒരാള്‍ വന്ന് ഇമാമിനോട് ചോദിച്ചു: ”വന്‍കുറ്റം ചെയ്താല്‍ കാഫിറാകുമോ?” ഇമാമിനെ മറികടന്ന് ശിഷ്യനായ വാസില്‍ ഇടക്കു കയറി പറഞ്ഞു: ”വന്‍കുറ്റം ചെയ്തവന്‍ കാഫിറുമല്ല, മുഅ്മിനുമല്ല”. ഈ ധിക്കാരം അനിഷ്ടകരമായി അനുഭവപ്പെട്ട ഇമാം പറഞ്ഞു: ”അദ്ദേഹം നമ്മുടെ കൂട്ടത്തില്‍ നിന്ന് വിഘടിച്ചുപോയി”. ഇദ്ദേഹത്തിന്റെ വാദം സ്വീകരിച്ചവരെ പിന്നീട് ‘മുഅ്തസിലികള്‍’ (വിഘടിച്ചുപോയവര്‍) എന്നറിയപ്പെട്ടു.
അനീതി, നീതി ഇതിന്റെ താത്വികമാനം മനുഷ്യനിരീക്ഷണ പരിധിയിലാണ് മുഅ്തസിലികള്‍ വിവക്ഷിച്ചത്. അക്കാരണത്താല്‍ രോഗം, ദാരിദ്ര്യം തുടങ്ങിയവ അല്ലാഹുവിന്റെ ഹിതപ്രകാരമല്ല സംഭവിക്കുന്നത്. അത് മനുഷ്യ നിര്‍മിതികളാണ്. നല്ല കാര്യങ്ങള്‍ ചെയ്യല്‍ അല്ലാഹുവിന് നിര്‍ബന്ധ ബാധ്യതയാണ്. സല്‍കര്‍മങ്ങള്‍ക്കു പകരമായി സ്വര്‍ഗം അല്ലാഹുവിന്റെ ഔദാര്യമല്ലാതെ സൃഷ്ടികള്‍ക്ക് ലഭിക്കണം. ഇങ്ങനെയുള്ള യുക്തിവാദങ്ങളാണ് ഈ വിഭാഗം ഉയര്‍ത്തിക്കൊണ്ടുവന്നത്.
പ്രവാചകത്വ നിഷേധം, ഹദീസ് നിഷേധം തുടങ്ങിയ തലത്തിലേക്ക് കൂടി ഈ വാദങ്ങള്‍ വ്യാപിച്ചു. ഖദ്‌രിയ്യ, ജഹ്്മിയ്യ, കര്‍റാമിയ്യ, ഹുദൂരിയ്യ, റാഫിഇയ്യ, മുര്‍ജിഅ തുടങ്ങിയ നിരവധി ചിന്താധാരകള്‍ പൊട്ടിപ്പുറപ്പെട്ടു. ഗ്രീക്ക് തത്വചിന്തകളില്‍ നിന്ന് കടം കൊണ്ടതായിരുന്നു ഈ വികല വീക്ഷണങ്ങളധികവും.
ഈ ഘട്ടത്തില്‍ ഇമാം അശ്അരി (റ) സജീവമായി രംഗത്തുവന്നു. ബസറയിലെ പള്ളിയില്‍ ജുമുഅക്ക് ഇമാം മിമ്പറില്‍ കയറി ഇപ്രകാരം പ്രഖ്യാപിച്ചു: ”വിശുദ്ധ ഖുര്‍ആന്‍ സൃഷ്ടിയാണെന്നും പരലോകത്ത് അല്ലാഹുവിനെ ദര്‍ശിക്കാനാവില്ലെന്നും മനുഷ്യ പ്രവര്‍ത്തനങ്ങളുടെ സ്രഷ്ടാവ് മനുഷ്യര്‍ തന്നെയാണെന്നുമുള്ള മുഅ്തസിലി വിശ്വാസം പൂര്‍ണമായും പിഴച്ചതാണ്”. ഈ പ്രസംഗം നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 40 വയസായിരുന്നു. ഈ സംഭവത്തെ നട്ടുച്ചക്കുദിച്ച വിപ്ലവം എന്നാണ് ഇബ്‌നു ഇമാദ് വിലയിരുത്തിയത്. ഈ സംഭവം എ.ഡി 915 (ഹിജ്‌റ 302 ലാണ്). രണ്ട് നൂറ്റാണ്ടിലധികം മുസ്‌ലിം ലോകത്തിന്റെ ഹൃദയ ഭൂമിയായി പറയപ്പെട്ട ഇറാഖ്, കൂഫ പ്രവിശ്യകള്‍ വിശ്വാസ വ്യതിയാനങ്ങളാല്‍ വികലമായിത്തീര്‍ന്നു. പല ഭരണാധികാരികളും ഈ വിചിത്രവാദക്കാരോ, പ്രചാരകരോ ആയിരുന്നു. യഥാര്‍ഥ വിശ്വാസികള്‍ പീഡിപ്പിക്കപ്പെട്ടു.
ഇമാം അശ്അരി (റ) വിശ്വാസ സംബന്ധിയായി മുന്നൂറിലധികം ഗ്രന്ഥങ്ങള്‍ രചിച്ചു. ഇറാഖ്, കൂഫ, ബസ്വറ, ഈജിപ്ത് തുടങ്ങിയ നാടുകളില്‍ വ്യാപിച്ചിരുന്ന മുഅ്തസിലി വിശ്വാസത്തിന്റെ യുക്തിഭദ്രതയില്ലായ്മയും പ്രമാണബന്ധമില്ലായ്മയും കാര്യകാരണ സഹിതം അശ്അരി (റ) സമര്‍ഥിച്ചു.
അല്ലാഹുവിന്റെ സത്ത, വിശേഷണങ്ങള്‍ എന്നിവ കാര്യകാരണ ബന്ധിയോ, സൃഷ്ടിയോ, നാശമടയുന്നതോ അല്ലെന്ന ഇസ്‌ലാമിക വിശ്വാസത്തിന്റെ കാതലാണ് ഇമാം അശ്അരി (റ) സമര്‍പ്പിച്ചത്. എല്ലാ അര്‍ഥത്തിലും അല്ലാഹു സൃഷ്ടികളില്‍ നിന്നും ഭിന്നനാണെന്ന വീക്ഷണത്തെ യുക്തിഭദ്രമായി അദ്ദേഹം സമര്‍ഥിച്ചു. പില്‍ക്കാലത്ത് അബൂബക്കര്‍ ബാഖില്ലാനി, അബൂഇസ്ഹാഖ് ഇസ്ഫറാനീ, ഇമാമുല്‍ ഹറമൈനി, മുഹമ്മദ് കരീമു ശഹറസ്താനീ എന്നീ പ്രാമാണിക പണ്ഡിതര്‍ ഈ ആശയം ലോകത്ത് പ്രചരിപ്പിച്ചു.
കിതാബുലുമത്ത്, അല്‍ഉസൂലു വല്‍ മുഖ്തസറു അന്നവാദിറു ഫീദലാഇലില്‍ കലാം, അല്‍ ഇജ്തിഹാദ്, അസ്സ്വിഫാത്ത്, അല്‍ ഉസൂലുദ്ദിയാന, മഖാലത്തുല്‍ ഇസ്്‌ലാമിയ്യ, ആദാബുല്‍ ബുര്‍ഹാന്‍ തുടങ്ങിയ മഹാഗ്രന്ഥങ്ങള്‍ പണ്ഡിതലോകത്ത് ഏറെ ശ്രദ്ധേയമാണ്. ഈ രചനകള്‍ വഴി ഇസ്്‌ലാമിനെ തനത് ശൈലിയില്‍ വായിച്ചെടുക്കാന്‍ പില്‍ക്കാലക്കാര്‍ക്ക് സാധ്യമായി. അശ്അരി ഇമാമിന്റെ ഇടപെടലോടെ വികലവിശ്വാസങ്ങള്‍ തകര്‍ന്നു. തദാവശ്യാര്‍ഥം നടത്തിയ ചര്‍ച്ചാ ക്ലാസുകളും പഠന ക്ലാസുകളും സംവാദങ്ങളും ശ്രദ്ധേയങ്ങളായിരുന്നു.
പിതാമഹന്‍ പിന്‍തലമുറകള്‍ക്കായി കണക്കാക്കി വച്ച കൃഷിയിടത്തില്‍ നിന്നുള്ള ചെറുവരുമാനമാണ് ഇമാമിനുണ്ടായിരുന്നത്. മഹാനവര്‍കളുടെ വാര്‍ഷിക ചെലവ് കേവലം 17 ദീനാര്‍ ആയിരുന്നു. തികച്ചും ലളിതമായ ജീവിതം നയിച്ചു.
ഉറക്കവും വിശ്രമവും കുറച്ച് ഇല്‍മിലും ഇബാദത്തിലും ആനന്ദം കണ്ടെത്തി. ബസ്വറ കേന്ദ്രീകരിച്ചു ഉയര്‍ന്നു വന്നിരുന്ന വിചിത്രവാദങ്ങളും വികല ചിന്തകളും കഠിന പ്രയത്‌നം വഴിയാണ് ഇമാം പരാജയപ്പെടുത്തിയത്. തതാവശ്യാര്‍ഥം ധാരാളം സംവാദങ്ങള്‍ നടത്തി. ഈ മഹാപണ്ഡിതന്റെ അറിവിനെ മുഅ്തസിലികള്‍ അങ്ങേയറ്റം ഭയന്നിരുന്നു.
നഫ്‌സിയ്യ, സല്‍ബിയ്യ, മആനി, മഅ്‌നവി എന്നീ നാല് വിഭാഗങ്ങളിലായി 20 വിശേഷണങ്ങള്‍ ഉള്ളവനാണ് അല്ലാഹു. ഇത് സകല സൃഷ്ടികളോടും വ്യത്യസ്തത പുലര്‍ത്തുന്ന അന്യൂനമായ വിശേഷണങ്ങളാണ്. തത്വശാസ്ത്ര പണ്ഡിതര്‍ക്ക് നായകത്വം നല്‍കിയ ഈ മഹാപണ്ഡിതനിലൂടെയാണ് ലോകമുസ്്‌ലിംകളുടെ അഖീദ (വിശ്വാസ ശാസ്ത്രം) അറിയപ്പെടുന്നത്. ജൂത, ക്രൈസ്തവ, ഹൈന്ദവ വിശ്വാസ ശാസ്ത്രങ്ങള്‍ ഉള്‍പ്പെടെ ലോകത്ത് നിലവിലുണ്ടായിരുന്ന എല്ലാ തത്വങ്ങളും ഇമാം സമഗ്രമായി പഠിച്ചിരുന്നു. ഈ വിശ്വാസ ശാസ്ത്രങ്ങളുടെ ഉത്ഭവം, വികാസം, പരിണാമം സംബന്ധിച്ച് ദീര്‍ഘമായി ഇമാം തന്റെ രചനകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഗ്രീക്ക് തത്വശാസ്ത്രങ്ങളുടെ ചതിക്കുഴികള്‍ വളരെ യുക്തിഭദ്രമായി മഹാന്‍ വിശദീകരിച്ചിട്ടുണ്ട്.
ചിരത്രനിയോഗം ഭംഗിയായി നിര്‍വ്വഹിച്ച ത്യാഗിയായ ഇമാം അബുല്‍ഹസന്‍ അല്‍ അശ്അരി (റ) എ.ഡി 936 ഹിജ്‌റ 324 ല്‍ തന്റെ 65 ാം വയസില്‍ ബസ്വറയില്‍ അന്തരിച്ചു. ബാബുല്‍ ബസ്വറക്കും ഖര്‍ഖിനുമിടയിലുള്ള മശ്‌റഉസ്സഹായില എന്ന പ്രദേശത്ത് അന്ത്യവിശ്രമം കൊള്ളുന്നു. വിശ്വാസ വഴിയില്‍ വിളക്കുമാടമായി നിലകൊണ്ട ആ വിശ്വപണ്ഡിതനെ വിശ്വാസി സമൂഹം കൃതജ്ഞതയോടെ ഓര്‍ക്കുന്നു.

Comments

Popular posts from this blog

പഠിക്കാം നമുക്ക് ബാഫഖി തങ്ങളെ

അധ്യാപനത്തിന്റെ മഹത്വവും ഉത്തരവാദിത്തവും

ഖിള്ർ നബി (അ)